ബീജിംഗ്: ഇസ്ലാമോഫോബിയയ്ക്ക് വഴിവെക്കുന്ന ഇസ്ലാം വിരുദ്ധ വാക്കുകള്‍ക്ക് ചൈനീസ് സോഷ്യല്‍മീഡിയകളില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇസ്ലാമിനെതിരായ മുന്‍വിധികളോടെയുളള വിദ്വേഷം കലരുന്ന പോസ്റ്റുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നടപടി. 2 കോടി 10 ലക്ഷത്തോളം വരുന്ന മുസ്ലിം സമൂഹമാണ് ചൈനയിലുളളത്.

ന്യൂനപക്ഷത്തെ ക്രൂശിക്കുന്ന തരത്തിലുളള ഇത്തരം വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കണമെന്ന ഉപയോക്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടിയെന്ന് ചൈനീസ് ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് പ്രവിശ്യയായ ഷിന്‍ജിയാങ്ങില്‍ ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്‍ലാമിക് മൂവ്മെന്റിനെതിരെ (ഇടിഐഎം) ചൈന നിലവില്‍ സൈനിക നടപടി സ്വീകരിച്ച് വരികയാണ്.

ഷിന്‍ജിയാങ്ങിലും ചൈനയിലെ മറ്റ് പ്രദേശങ്ങളിലും നടക്കുന്ന ആക്രമണങ്ങള്‍ക്ക് പഴി കേള്‍ക്കുന്ന സംഘടനയാണ് ഇചിഐഎം. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളില്‍ അടക്കം മുസ്ലിം വിരുദ്ധ ഉളളടക്കങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഒരു ടോള്‍ ബൂത്തില്‍ മുസ്ലിംങ്ങള്‍ ഉള്‍പ്പെട്ട കലഹം എന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. സോഷ്യല്‍മീഡിയയുടെ സഹായത്തോടെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടക്കുന്നെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ