ബീജിങ്: ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാമെന്ന തീരുമാനമെടുത്ത് ജനസംഖ്യാ നയത്തിൽ നിര്‍ണായക മാറ്റവുമായി ചൈന. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ ജനന നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി വ്യക്തമാക്കുന്ന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണു നയം മാറ്റം.
രണ്ട് കുട്ടി നയമാണ് ചൈന പിന്തുടര്ന്നിരുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് ചൈന ഈ നയം മാറ്റാൻ തീരുമാനിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗമാണ് നയം മാറ്റം അംഗീകരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ജനസംഖ്യാ വർധന തടയാന്‍ ഒറ്റക്കുട്ടി നയമാണ് ചൈന ദശകങ്ങളോളം പിന്തുടര്ന്നിരുന്നത്. 2016ലാണ് ഇത് അവസാനിപ്പിച്ച് രണ്ടു കുട്ടികളാവാമെന്ന നയം സ്വീകരിച്ചത്. എന്നാല്‍, ഇതു ജനനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ ഗുണം ചെയ്തില്ല. കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചൈനീസ് നഗരങ്ങളിലെ ഉയര്‍ന്ന ചെലവാണ് ഇക്കാര്യത്തിൽ വിഘാതമായത്.
”ജനന നയം കൂടുതല്‍ മികച്ചതാക്കാന്‍ ദമ്പതികള്‍ക്കു മൂന്ന് കുട്ടികള്‍ എന്ന തീരുമാനം ചൈന നടപ്പാക്കും,” ഇന്നത്തെ യോഗത്തിന്റെ തീരുമാനം ഉദ്ധരിച്ചുള്ള സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു.
”നയപരമായ മാറ്റം ‘സഹായകരമായ നടപടി’കളിലൂടെ നടപ്പാകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഹായ നടപടികള്‍ എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനം ചൈനയുടെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്താനും വാർധക്യമുള്ളവരുടെ ജനസംഖ്യ വർധിക്കുന്ന പ്രവണതയെ അഭിമുഖീകരിക്കുന്നതിനുള്ള നയം നടപ്പാക്കാൻ അനുഗുണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Also Read: ‘രാജ്യത്തെ അവസ്ഥ മനസ്സിലാക്കി വാക്സിൻ നയം രൂപീകരിക്കണം;’ കേന്ദ്രത്തോട് സുപ്രീംകോടതി
പുതിയ പ്രഖ്യാപനം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ പ്രതികരണമാണു സൃഷ്ടിച്ചത്. ഒന്നോ രണ്ടോ കുട്ടികളെ പോലും വഹിക്കാനുള്ള പ്രാപ്തി തങ്ങള്‍ക്കില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.
”നിങ്ങള്‍ 50 ലക്ഷം യുവാന്‍ (785,650 ഡോളര്‍) നല്കിയാല് മൂന്ന് കുട്ടികള്‍ക്കുവേണ്ടി ഞാന്‍ തയാറാണ്,” എന്നായിരുന്നു വെയ്ബോയില് ഒരാളുടെ പ്രതികരണം.
ഈ മാസം ആദ്യം നടത്തിയ സെന്‍സസ് പ്രകാരം ചൈനീസ് ജനസംഖ്യ 141 കോടിയാണ്. ജനസംഖ്യയിലെ, 1950 മുതലുള്ള ദശകങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ഇപ്പോഴേത്തത്. 10 വര്‍ഷത്തിൽ ഒരിക്കലാണ് ചൈനയില്‍ ജനസംഖ്യാ സെന്‍സസ് നടത്തുന്നത്.
2020 ല്‍ മാത്രം ഒരു സ്ത്രീക്ക് 1.3 കുട്ടി എന്ന ജനന നിരക്കാണ് പുതിയ ഡേറ്റ കാണിക്കുന്നത്. പ്രായമായ സമൂഹങ്ങള്‍ കൂടുതലുള്ള ജപ്പാന്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കു തുല്യമായ കണക്കാണിത്.
ചൈനയിലെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുമെന്നു പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.