വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊടുംകുറ്റവാളിയും സീരിയല്‍ കില്ലറുമായ ടോഡ് കോലെപ്പ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച് വന്നിരുന്ന യുവതിയെ അന്വേഷണ സംഘം രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. സൗത്ത് കരോലിനയയില്‍ 2016 നവംബര്‍ 3നാണ് യുവതിയുടെ നിലവിളി കേട്ടെത്തിയ സംഘം ഇവരെ ഒരു ലോഹ കണ്ടെയിനറില് നിന്നും രക്ഷപ്പെടുത്തിയത്.വെളളിയാഴ്ച്ചയാണ് പ്രോസിക്യൂട്ടര്‍ വീഡിയോ പുറത്തുവിട്ടത്.
രണ്ട് മാസത്തോളമാണ് കാലാ ബ്രൗണിനെ കൊലപാതകി ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത്. ഏഴ് പേരെ കൊലപ്പെടുത്തിയതിന് ശിക്ഷ നേരിടുന്ന ടോഡിനെതിരായ തെളിവുകളില്‍ ഒന്നാണ് ഈ വീഡിയോയും. കൊലപാതകി തന്റെ പേരിലുളള ഒറ്റപ്പെട്ട സ്ഥലത്തെ ഒരു വീട്ടുവളപ്പിലാണ് ബ്രൌണിനെ ചങ്ങലയ്ക്കിട്ടിരുന്നത്.
ഇയാള്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. കണ്ടെയിനറിനകത്ത് നിന്നും നിലവിളി കേട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇതിന്റെ ലോക്ക് തകര്‍ത്ത് അകത്തുകടന്നു. ഇടുങ്ങിയ ജയില്‍ പോലെ തോന്നിച്ച കണ്ടെയിനറിനകത്ത് കൈയിലും കഴുത്തിലും ചങ്ങലയ്ക്കിട്ട രീതിയിലായിരുന്നു ബ്രൗണിനെ കണ്ടെത്തിയത്.
തന്റെ കാമുകനായ ചാര്‍ലിയെ ടോഡ് കോലെപ്പ് മൂന്ന് തവണ നെഞ്ചില്‍ വെടിവെച്ചു കൊന്നതായും പിന്നീട് മൃതദേഹവും കൊണ്ട് പോയതായും ബ്രൗണ്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് ചാര്‍ലിയെ കുഴിച്ചുമൂടിയതായി കൊലപാതകി തന്നോട് പറഞ്ഞെന്നും ബ്രൗണ്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് നിരവധി പേരെ താന്‍ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന് ടോഡ് തന്നോട് പറഞ്ഞതായും യുവതി പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നതിനും രണ്ട് മാസം മുമ്പാണ് യുവതിയേയും കാമുകനേയും കാണാതായത്. ബ്രൗണിന്റെ ഫോണ്‍ സിഗ്നല്‍ ലൊക്കേറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഏക്കറുകളോളം വരുന്ന കൊലപാതകിയുടെ വീട്ടുപ്രദേശത്ത് നിന്നും കുഴിച്ചുമൂടിയ ചാര്‍ലിയുടെ മൃതദേഹവും ചില മൃതദേഹാവശിഷ്ടങ്ങളും മറ്റ് രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏഴു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.