ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഇന്ന് ഉച്ചയോടെയായിരുന്നു ഡൽഹി സെക്രട്ടറിയേറ്റിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കു വന്നപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി അരവിന്ദ് കേജ്‍രിവാളിന് നേരെ മുളകുപൊടി എറിയുകയായിരുന്നു.

നാരായണ സ്വദേശി അനിൽ ശർമ്മയാണ് മുഖ്യമന്ത്രിക്ക് നേരെ മുളകുപൊടി എറിഞ്ഞതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്നും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രി പോലും ഡൽഹിയിൽ സുരക്ഷിതനല്ലെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്നത്. ഇസെഡ് പ്ലസ് സുരക്ഷയാണ് അരവിന്ദ് കേജ്‍രിവാളിന് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം മറികടന്നായിരുന്നു അക്രമണം.

2016ലും സമാനമായ അക്രമണം അരവിന്ദ് കേജ്‍രിവാളിന് നേരെയുണ്ടായിരുന്നു. അന്ന് ഡൽഹിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന കേജ്‍രിവാളിന് നേരെ യുവതി മഷി ഒഴിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook