ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ കാ​ണാ​താ​യ മൂ​ന്നു വ​യ​സ്സു​കാ​രി ഷെ​റി​ൻ മാത്യൂസിന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വീ​ടി​ന് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മലയാളികളായ മാ​താ​പി​താ​ക്ക​ൾ വെ​സ്ലി​ മാത്യൂസിനെ​യും സി​നി​യേ​യും കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തിവരികയായിരുന്നു.

ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്ന് മണിക്ക് വളർത്തച്ഛൻ എറണാകുളം സ്വദേശി മാത്യൂസ് കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തുകയായിരുന്നു എന്നാണ് മൊഴി. മണിക്കൂറുകൾക്ക് ശേഷം നോക്കുന്പോൾ കുട്ടിയെ കാണാതായിരുന്നുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത്.

വെസ്ലി മാത്യൂസിനെ ശനിയാഴ്ച തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. വെസ്ലി ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. ടെക്‌സസിലെ റിച്ചാര്‍ഡ്‌സണ്ണിലെ വീട്ടില്‍ ഷെറിന്റെ അമ്മ സിനി താമസിക്കുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയെങ്കിലും മരണത്തിലെ ദുരൂഹതകൾ നീങ്ങിയിട്ടില്ല. പുലർച്ചെ 3.15ന് കുട്ടിയെ കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം മാതാപിതാക്കൾ പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പൊലീസിൽ അറിയിക്കാൻ അഞ്ചു മണിക്കൂർ വൈകിയതിൽ ദുരൂഹതയുണ്ടെന്നാണ് സംശയം.

രണ്ടു വർഷം മുൻപാണ് മാത്യൂസിന്‍റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഷെറിനെ ദത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ