Latest News

കുട്ടികളുടെ വാക്സിനേഷൻ: രാജ്യത്ത് ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചത് 41 ലക്ഷം പേർ

ഔദ്യോഗിക കണക്കുകൾ പ്രകാരം മധ്യപ്രദേശും ഗുജറാത്തുമാണ് കുട്ടികൾക്കുള്ള വാക്‌സിനേഷനിൽ മുന്നിൽ

Children’s vaccination, Covid vaccination, Covid shot, Coronavirus cases, Covid cases, Omicron cases, ICMR, Covid new variant, Covid cases, indian express news

ന്യൂഡൽഹി: 15നും 18നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിച്ച ആദ്യ ദിനം 41 ലക്ഷത്തിലധികം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. താൽക്കാലിക കണക്കുകൾ പ്രകാരം കുട്ടികൾക്കായി 41,27,468 ഡോസ് കോവാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ ഇന്ത്യയിൽ ആകെ വിതരണം ചെയ്ത കോവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം 146.71 കോടി ആയി.

“നമ്മുടെ യുവാക്കളെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നതിന് നമ്മൾ ഇന്ന് ഒരു സുപ്രധാന ചുവടുവയ്പ് നടത്തിയിരിക്കുന്നു. വാക്സിനേഷൻ എടുത്ത 15-18 വയസ്സിനിടയിലുള്ള എന്റെ എല്ലാ യുവ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ പേർ വാക്‌സിനേഷൻ എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഔദ്യോഗിക കണക്കുകൾ പ്രകാരം മധ്യപ്രദേശും ഗുജറാത്തുമാണ് കുട്ടികൾക്കുള്ള വാക്‌സിനേഷനിൽ മുന്നിൽ. മധ്യപ്രദേശിൽ 7,71,615 ഡോസുകളും ഗുജറാത്തിൽ 5,55,312 ഡോസുകളും ഇന്നലെ വിതരണം ചെയ്തു. ആന്ധ്രാപ്രദേശ് (4,87,269), കർണാടക (4,14,723), രാജസ്ഥാൻ (3,57,018) എന്നീ സംസ്ഥാനങ്ങളിലും നാലു ലക്ഷത്തിലധികം കുട്ടികൾ ഇന്നലെ വാക്സിൻ സ്വീകരിച്ചു.

എന്നാൽ, ഉത്തർപ്രദേശ് (1,66,996), മഹാരാഷ്ട്ര (1,81,561), പശ്ചിമ ബംഗാൾ (1,03,564), ബിഹാർ (1,70,603), തമിഴ്നാട് (1,87,710) എന്നീ അഞ്ച് വലിയ സംസ്ഥാനങ്ങളിൽ രണ്ട് ലക്ഷത്തിൽ താഴെ ഡോസുകളാണ് നൽകിയത്. ഒഡീഷ (82,756), ഹിമാചൽ പ്രദേശ് (72,808), അസം (77,124), ഉത്തരാഖണ്ഡ് (72,075), ഹരിയാന (66,217) തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിൽ താഴെ കുട്ടികളാണ് വാക്‌സിൻ സ്വീകരിച്ചത്.

ഡിസംബർ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 15-18 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

Also Read: സംസ്ഥാനത്ത് ആദ്യ ദിനം വാക്‌സിനേഷന്‍ സ്വീകരിച്ചത് 38,417 കുട്ടികള്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Childrens vaccination begins covid shot

The moderation of comments is automated and not cleared manually by malayalam.indianexpress.com