ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിക്കുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഇനി മുതല്‍ പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. നേരത്തെ സ്കോളര്‍ഷിപ് അടിസ്ഥാനത്തിലായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്കോളര്‍ഷിപ്പ് പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
നേരത്തെ പ്രതിമാസം 10,000 രൂപ വീതമാണ് നല്കി വന്നത്. വിദ്യാഭ്യാസ ഇളവ് എന്ന പേരില്‍ നല്കി വന്ന ഈ സഹായമാണ് നിർത്തലാക്കിയത്. എന്നാല്‍ സൈനികരില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് എടുത്തു കളഞ്ഞത്.
സൈനിക നടപടിക്കിടെ ഓഫീസര്‍ റാങ്കിന് താഴെയുള്ള വ്യക്തികളെ കാണാതാവുകയോ, അംഗഭംഗം വരികയോ, കൊല്ലപ്പെടുകയോ ചെയ്യുന്നവരുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ പദ്ധതിക്ക് കീഴില്‍ ഏതാണ്ട് 3400 കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനായി അഞ്ച് കോടി രൂപയാണ് സര്‍ക്കാരിന് നിലവില്‍ ചെലവ്.
1971ല്‍ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷമാണ് ഈ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം വരെ 2,679 വിദ്യാര്‍ഥികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. എന്നാല്‍ 2017 ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഈ തുക 10,000 രൂപയായി പരിമിതപ്പെടുത്തി.