മലപ്പുറം: നാലു മാസത്തോളം മഞ്ചേരിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരങ്ങളെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് രക്ഷപ്പെടുത്തി. പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയും പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിയും ഒറ്റയ്ക്ക് കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ബാല സംരക്ഷണ പ്രവർത്തകരെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികൾ വളരെ പരിതാപകരമായ സാഹചര്യത്തിലാണു കഴിഞ്ഞിരുന്നതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ പറഞ്ഞു.

ഒരു വര്‍ഷം മുൻപാണ് അമ്മയും രണ്ടു കുട്ടികളും മഞ്ചേരിയിലെ വാടക ഫ്ലാറ്റില്‍ താമസം തുടങ്ങിയത്. കുട്ടികളുടെ അച്ഛനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്വദേശമായ കൊല്ലത്തുനിന്നുമാണ് ഇവിടെയെത്തിയത്. കുട്ടികളുടെ പിതാവ് മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്ത് താമസമാണ്. ഇയാൾ കുട്ടികളുടെ കാര്യത്തിൽ ഇടപെടുകയോ അന്വേഷിക്കുകയോ ചെയ്യാറില്ല. അഞ്ചുമാസം മുമ്പ് ജോലി തേടി അമ്മ ഗള്‍ഫില്‍ പോയതോടെയാണ് കുട്ടികളുടെ ജീവീതം നരകതുല്യമായത്.

കുട്ടികളെ നോക്കാനായി അമ്മൂമ്മ കൂടെയുണ്ടായിരുന്നു. എന്നാൽ കുട്ടികളുടെ അമ്മയുമായി വഴക്കുണ്ടായതിനെ തുടർന്ന് നാലു മാസം മുൻപ് അമ്മൂമ്മ കുട്ടികളെ ഉപേക്ഷിച്ചു പോയി. ഇതോടെ കുട്ടികൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. കഴിഞ്ഞ കുറേ ദിവസങ്ങളായി പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. ഇതിനിടെ ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ടിയ പെൺകുട്ടി മഞ്ചേരി മെഡിക്കൽ കോളജിലെത്തി ചികിൽസ തേടി. അടുത്ത താമസക്കാരുമായോ നാട്ടുകാരുമായോ കുട്ടികൾക്ക് അടുപ്പമില്ലാത്തത് ഇവർ ഒറ്റയ്ക്കായ വിവരം പുറത്തുവരുന്നതിനു തടസ്സമായി.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷരീഫ് ഉള്ളത്തിനു മുന്‍പാകെ ഹാജരാക്കിയ കുട്ടികളെ സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണവും കൗണ്‍സിലിങ്ങും നല്‍കുമെന്നും കുട്ടികള്‍ ഉപേക്ഷിക്കപ്പെടാനുണ്ടായ കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ പറഞ്ഞു.

പെൺകുട്ടിയാണ് പഠിത്തത്തിനൊപ്പം വീട്ടുകാര്യങ്ങളും സഹോദരന്റെ കാര്യങ്ങളും നോക്കിയിരുന്നത്. കുട്ടികളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുനരധിവാസവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി തിരുവന്തപുരം, കൊല്ലം ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റുകളുമായി ബന്ധപ്പെട്ടുവരികയാണെന്നും സമീര്‍ പറഞ്ഞു.

കുട്ടികളുടെ അച്ഛനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഗള്‍ഫിലുള്ള അമ്മ നിരന്തരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസുമായി ബന്ധപ്പെടുന്നുണ്ടെന്നും സമീർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ