ഹൈദരാബാദ്: ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നെഴുതിയ വ്യാജ കറന്‍സികള്‍ നിക്ഷപിക്കാനെത്തിയ ആളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. യൂസഫ് ഷെയിഖ് എന്നയാളാണ് 9.90 ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോള്‍ പിടിയിലായത്.

അലഹബാദ് ബാങ്കിന്റെ മല്‍കാജ്ഗിരി ബ്രാഞ്ചില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ഇയാള്‍. 2000 രൂപയുടെ 400 നോട്ടുകളും 500 രൂപയുടെ 380 നോട്ടുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
നേരത്തെ, ഡല്‍ഹിയില്‍ നിന്ന് ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നെഴുതിയ വ്യാജ നോട്ടുകള്‍ എ.ടി.എമ്മില്‍ നിന്നും ലഭിച്ചിരുന്നു.

സൗത്ത് ഡൽഹിയിലെ സംഗം വിഹാറിലെ എസ്ബിഐയുടെ എടിഎമ്മിൽ നിന്നാണ് 2000 രൂപയുടെ നാല് കളളനോട്ട് ലഭിച്ചത്. ഒറ്റ നോട്ടത്തിൽ യഥാർഥ നോട്ടാണെന്ന് തോന്നുമെങ്കിലും നിരവധി വ്യത്യാസങ്ങൾ ഈ നോട്ടുകളിലുണ്ട്. ഇതിനു പിന്നിലും ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതുന്ന സ്ഥലത്ത് നോട്ടിൽ ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിന്റെ മൂല്യത്തിന് കേന്ദ്ര സർക്കാർ നൽകുന്ന ഉറപ്പിന് പകരം ‘കുട്ടികളുടെ സർക്കാരാ’ണ് ഗാരന്റി നൽകിയിരിക്കുന്നത്. 2000 രൂപ എന്ന് അക്കത്തിൽ എഴുതിയ ഭാഗത്ത് രൂപയുടെ ചിഹ്നം ഇല്ല എന്നു മാത്രമല്ല സീരിയൽ നമ്പർ മുഴുവൻ പൂജ്യമാണ്. റിസര്‍വ് ബാങ്കിന്റെ സീലിന് പകരം ഇംഗ്ലീഷില്‍ പികെ എന്നെഴുതിയ ലോഗോയാണുള്ളത്. ഇങ്ങനെ നിരവധി മാറ്റങ്ങളാണ് ഈ കളളനോട്ടിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ