ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കൾക്ക് വിഷം നൽകി കൊന്ന അഭിരാമിയുടെ വീഡിയോകള്‍ പ്രചരിക്കുന്നു. കാമുകൻ സുന്ദരത്തോടൊപ്പവും മക്കൾക്കൊപ്പവും ചെയ്ത നിരവധി ഡബ്സ്മാഷ് വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഡബ്സ്മാഷിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിരാമിയുടെ ഭര്‍ത്താവ് വിജയ് കഴിഞ്ഞ ദിവസം രജനീകാന്തിനെ കണ്ടിരുന്നു. കാമുകനായ സുന്ദരത്തിനൊപ്പം ഒളിച്ചോടി കേരളത്തില്‍ താമസിക്കാന്‍ പുറപ്പെട്ട അഭിരാമിയെ പൊലീസ് പിടികൂടിയിരുന്നു. രജനിയുടെ വീട്ടിലെത്തിയാണ് വിജയ് അദ്ദേഹത്തെ കണ്ടത്. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും രജനിയുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു.

കാലാ എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വച്ചു മക്കള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡബ്സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഈ അച്ഛന്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്പി. വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്‌യെ ആശ്വസിപ്പിക്കാന്‍ രജനീകാന്തും പാടുപെട്ടു. വിജയിനെ ആശ്വസിപ്പിക്കുന്ന രജനിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

രണ്ടു മക്കളെയും കൊന്ന് കാമുകനായ സുന്ദരത്തിനൊപ്പം കേരളത്തില്‍ താമസിക്കുകയായിരുന്നു അഭിരാമിയുടെ ലക്ഷ്യം. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ, ഭര്‍ത്താവും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ വിജയും അഭിരാമിയും എട്ടു വര്‍ഷം മുന്‍പാണു പ്രണയിച്ചു വിവാഹം കഴിച്ചത്. അടുത്തകാലത്താണ് കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലേക്കു മാറിയത്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്തുകൊന്നശേഷം വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണു ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ പദ്ധതിയിട്ടത്. വെള്ളിയാഴ്ച രാത്രി അഭിരാമി വിഷവുമായി കാത്തുനിന്നു. ബാങ്കിലെ തിരക്കുകാരണം വിജയ് വരാന്‍ വൈകുമെന്നറിയിച്ചു. ഇതിനെ തുടര്‍ന്നു മക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം വീടുവിട്ടിറങ്ങി. ജോലി പൂര്‍ത്തിയാക്കി പുലര്‍ച്ചെ അഞ്ച് മണിയോടെ വിജയ് വീട്ടിലെത്തിയപ്പോഴാണു വീടിനുള്ളില്‍ മക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.”

അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്നും പിടികൂടി. കോയമ്പേട് ബസ് ടെര്‍മിലന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച്‌ നാഗര്‍കോവിലിലേക്ക് പോവുകയായിരുന്നു അഭിരാമി. എന്നാല്‍ കാമുകന്‍ സുന്ദരം ചെന്നൈയില്‍ തങ്ങി. പൊലീസ് അന്വേഷണമടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞശേഷം അഭിരാമിക്കൊപ്പം ചേരുകയായിരുന്നു ലക്ഷ്യം. അതുവരെ അഭിരാമിയോട് നാഗര്‍കോവിലില്‍ താമസിക്കാനും പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച്‌ സുന്ദരത്തെ അറസ്റ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook