ഭോപാല്‍ : ശൈശവ വിവാഹം ‘ലവ് ജിഹാദ്’ ഇല്ലാതാക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മര്‍. ഇതുവരെ കണ്ടിട്ടില്ലാത്ത വധൂവരന്മാര്‍ തമ്മില്‍ നടക്കുന്ന ശൈശവ വിവാഹം പെട്ടെന്നൊന്നും പിരിയില്ലെന്നും ‘എക്കാലത്തും’ നിലനില്‍ക്കും എന്നും എംഎല്‍എ അവകാശപ്പെട്ടു.
“മുന്‍പൊക്കെ പെണ്‍കുട്ടികള്‍ 18 അല്ലെങ്കില്‍ 21 വയസ് തികയുന്നതിന് മുന്‍പ് വിവാഹം ചെയ്ത് വിടുമായിരുന്നു. ഇളം പ്രായത്തില്‍ തന്നെ അവരുടെ വിവാഹവും ഉറപ്പിക്കുമായിരുന്നു. അതിനാല്‍ തന്നെ അവര്‍ മറ്റൊരാളെ ചിന്തിച്ച് തുടങ്ങുന്നതിന് മുന്‍പ് അവരുടെ വിവാഹം കഴിയും. ഇപ്പോള്‍ അവര്‍ കോച്ചിങ് ക്ലാസിലൊക്കെ അവര്‍ കണ്ടുമുട്ടും. എന്നിട്ട് ചില ‘ലവ് ജിഹാദില്‍’ വീണ് പോകും. അഗാറില്‍ നിന്നുമുള്ള ബിജെപി എംഎല്‍എ പറഞ്ഞു.
ഹിന്ദു സ്ത്രീകളും മുസ്ലീം പുരുഷന്മാരും തമ്മിലുള്ള വിവാഹത്തെ വിശേഷിപ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കുന്ന ‘ലവ് ജിഹാദ്’ എന്ന വാദം ആവര്‍ത്തിച്ച എംഎല്‍എ പെണ്‍കുട്ടികള്‍ വൈകാരികത കാരണം അതിലേക്ക് എടുത്ത് ചാടുകയാണ് എന്നും പറഞ്ഞു. ” ശിശുവായിരുന്നപ്പോഴാണ് എന്റെ വിവാഹം നടന്നത്. നിയമപരമായി പ്രായപൂര്‍ത്തിയാവുന്നതിന് മുന്പ് എന്റെ രണ്ടു പെണ്‍മക്കളുടെയും ഒരു ആണ്‍കുട്ടിയുടെയും വിവാഹ നിശ്ചയം നടത്തി.” അമ്പത്തിമൂന്നുകാരനായ പര്‍മാര്‍ പറഞ്ഞു. “അവര്‍ സന്തുഷ്ടരാണ്.”