ന്യൂഡല്‍ഹി: ഒടുവില്‍ സുശീല ബിഷ്‌ണോയ് എന്ന 19കാരിയുടെ പോരാട്ടങ്ങള്‍ക്ക് ഫലം കണ്ടു. 12ാം വയസില്‍ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി സുശീലയെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ ഈ ബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശീല രാജസ്ഥാന്‍ കോടതിയെ സമീപിച്ചു. ഫെയ്സ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ് കോടതി തെളിവായി പരിഗണിച്ചത്.

2010ലായിരുന്നു സുശീലയുടേയും ഭര്‍ത്താവിന്റേയും വിവാഹം നടന്നത്. ബാര്‍മര്‍ ജില്ലയിലെ ഗ്രാമത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. സുശീലയ്ക്കും ഭര്‍ത്താവിനും 12 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം.

ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ മുഖേനെയാണ് വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന അപേക്ഷയുമായി പെണ്‍കുട്ടി കോടതിയിലെത്തിയത്. എന്നാല്‍ സുശീലയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.

എന്നാല്‍ ബാലാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിന്റെ ഫെയ്സ്ബുക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കി. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളും സുശീല കോടതിയില്‍ സമര്‍പ്പിച്ചു.

തന്റെ ഇഷ്ടത്തോടെ നടന്ന വിവാഹമായിരുന്നില്ല. പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. മദ്യപാനിയായ ഒരാള്‍ക്കൊപ്പം ജീവിക്കുന്നത് മരണത്തിന് തുല്യമായിരുന്നെന്നും സുശീല കോടതിയെ ബോധിപ്പിച്ചു.

ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ അപേക്ഷയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി വിവാഹം റദ്ദ് ചെയ്യുന്നതായി ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ