ചിക്കമംഗളൂരു: 1980 കളുടെ ആരംഭത്തിലാണ് വീരപ്പ സിദ്ധാര്‍ത്ഥ ഹെഗ്‌ഡെ മുംബൈയിലേക്ക് പുറപ്പെട്ടത്. കോഫി പ്ലാന്റർ ആയ പിതാവില്‍ നിന്ന് 7.5 ലക്ഷം രൂപ കടം വാങ്ങിയായിരുന്നു മുംബൈയില്‍ എത്തിയത്. 1985 ആകുമ്പോഴേക്കും വളരെ മൃദുഭാഷിണിയായ സിദ്ധാര്‍ത്ഥയ്ക്ക് മാല്‍നാട് മേഖലയില്‍ 10,000 ഏക്കറിലധികം കോഫി ഫാം സ്വന്തമായി. ഇതില്‍ 500 ഏക്കര്‍ മാത്രമാണ് പൂര്‍വ്വിക സ്വത്തായി ഉണ്ടായിരുന്നത്.

കോഫി എസ്റ്റേറ്റുകള്‍ സ്വന്തമാക്കുക എന്നതിലപ്പുറം മറ്റ് ചില അഭിലാഷങ്ങളായിരുന്നു സിദ്ധാര്‍ത്ഥയ്ക്ക് ഉണ്ടായിരുന്നത്. ജര്‍മന്‍ കോഫി റീട്ടെയിലര്‍മാരാണ് സിദ്ധാര്‍ത്ഥയ്ക്ക് പ്രചോദനമായത്. ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിദ്ധാര്‍ത്ഥ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. 1996 ലാണ് ഇത്. അന്ന് തുടങ്ങിയ റെസ്റ്റോറന്റാണ് പിന്നീട് കഫെ കോഫി ഡേ എന്ന ബൃഹത്തായ ശൃംഖലയായി മാറിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമായി 1,772 ഓളം ഔട്ട് ലെറ്റുകളാണ് ഇവര്‍ക്കുള്ളത്. അതിനു പുറമേ ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, മലേഷ്യ, ഈജിപ്ത്, നേപ്പാള്‍ എന്നിവിടങ്ങളിലും ഔട്ട് ലെറ്റുകള്‍ ഉണ്ട്.

Read Also: എസ്.വി.രംഗനാഥ് ‘കഫെ കോഫി ഡേ’ ഇടക്കാല ചെയര്‍മാര്‍

“കാപ്പി മേഖലയുമായി സിദ്ധാര്‍ത്ഥക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കര്‍ണാടക കാപ്പിയെ ലോക മാര്‍ക്കറ്റില്‍ എത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.”-സിദ്ധാര്‍ത്ഥയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഹാലപ്പ പറയുന്നു. കാര്‍ഷിക മേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നു സിദ്ധാര്‍ത്ഥയ്ക്ക്. കാര്‍ഷിക മേഖലയിലും നിക്ഷേപിക്കാന്‍ സിദ്ധാര്‍ത്ഥ ആരംഭിച്ചു.

സിദ്ധാര്‍ത്ഥയുടെ തോട്ടങ്ങളില്‍ നിന്ന് തന്നെയുള്ള കാപ്പിയാണ് കഫെ കോഫി ഡേയുടെ വിജയത്തിന് കാരണമെന്ന് സിസിഡിയിലെ ജോലിക്കാരന്‍ പറയുന്നു. ജീവിതത്തില്‍ ഇത്രയേറെ വിജയിച്ചതുകൊണ്ടാണ് ജനങ്ങള്‍ അയാളെ ‘എബിസി സിദ്ധാര്‍ത്ഥ’ എന്ന് വിളിച്ചിരുന്നത്.

സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ ചിക്കമംഗളൂരുവിനുണ്ടായ ആഘാതം വളരെ വലുതാണ്. അത് ജനങ്ങളില്‍ പ്രകടവുമായിരുന്നു. കര്‍ണാടക കോഫി പ്ലാന്റേഴ്സ് അസോസിയേഷന്‍ ചിക്കമംഗളൂരു, കൊടക്, ഹസന്‍ ജില്ലകളില്‍ എല്ലാ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കും ഇന്ന് അവധി നല്‍കി. സിദ്ധാര്‍ത്ഥയുടെ ജന്മനാട്ടിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അകാല മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അടച്ചിട്ടു. നാട്ടിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങളിലെല്ലാം സിദ്ധാര്‍ത്ഥ പിന്തുണ നല്‍കിയിരുന്നു.

“ഉത്സവങ്ങളുടെ സമയത്ത് സിദ്ധാര്‍ത്ഥ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. എല്ലാ തൊഴിലാളികളുടെയും പേര് അദ്ദേഹത്തിന് ഓര്‍മയുണ്ടായിരുന്നു. ഒരു ദിവസം 18 മണിക്കൂര്‍ വരെ സിദ്ധാര്‍ത്ഥ ജോലി ചെയ്തിരുന്നു. കമ്പനിയില്‍ ജോലി ചെയ്യുന്നവരെ അദ്ദേഹം എപ്പോഴും സഹായിക്കും”-കഫെ കോഫി ഡേ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞനായ ഡോ.പ്രദീപ് കഞ്ചിഗെ ഓര്‍ക്കുന്നു.

Read Also: കറുപ്പണിഞ്ഞ് സിസിഡി; സർ, അഭിമാനത്തോടെ ഞങ്ങൾ ഓർക്കും നിങ്ങളെ

“മൃദുഭാഷിണിയും വളരെ ലളിതനായ മനുഷ്യനുമാണ് സിദ്ധാര്‍ത്ഥ. ആരുടെയും ജീവിതത്തില്‍ ഇടപെടാത്ത മാന്യനായ വ്യക്തി. അദ്ദേഹം കര്‍ണാകയുടെ അഭിമാനമാണ്. ആയിരക്കണക്കിന് പേര്‍ക്ക് സിദ്ധാര്‍ത്ഥ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു”-കര്‍ണാടകയിലെ മുന്‍ മന്ത്രിയും സിദ്ധാര്‍ത്ഥയുടെ സുഹൃത്തുമായ ഡി.കെ.ശിവകുമാര്‍ പറയുന്നു.

കാപ്പിയും തോട്ടങ്ങളും സിദ്ധാര്‍ത്ഥയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവയായിരുന്നു. 140 വര്‍ഷത്തിലേറെയായി ചിക്കമംഗളൂരുവില്‍ സിദ്ധാര്‍ത്ഥയുടെ കുടുംബം കാപ്പി തോട്ടങ്ങള്‍ നടത്തുന്നുണ്ട്. കോഫി പ്ലാന്റും സ്വാതന്ത്ര്യ സമര സേനാനിയുമായ ഗംഗയ്യ ഹെഗ്ഡയുടെ ഏകമകനായാണ് സിദ്ധാര്‍ത്ഥയുടെ ജനനം. ബാല്യകാലം സിദ്ധാര്‍ത്ഥ ചെലവഴിച്ചത് ചേതനഹള്ളിയിലാണ്. ചിക്കമംഗളൂരുവിലെ മൗണ്ടെയില്‍ വ്യൂ സ്‌കൂളില്‍ പഠനം നടത്തി. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത് മംഗളൂരുവിലെ സെന്റ്.അലോഷ്യസ് കോളേജില്‍ നിന്നാണ്.

1980 കളുടെ തുടക്കത്തിലാണ് സിദ്ധാര്‍ത്ഥ മുംബൈയിലേക്ക് പോകുന്നത്. ബാങ്കിങ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തു. ഓഹരി വിപണിയെ കുറിച്ച് പഠിക്കുകയും അതില്‍ നിക്ഷേപം ആരംഭിക്കുകയും ചെയ്തു.

“സിദ്ധാര്‍ത്ഥയുടെ കഴിവും ദൃഡനിശ്ചയവുമാണ് ഇത്ര വലിയ ബിസിനസ് വിജയത്തിന് കാരണം. കര്‍ണാടക കാപ്പിയെ സിദ്ധാര്‍ത്ഥ ലോക നിലവാരത്തിലേക്ക് എത്തിച്ചു. നിരവധി പേര്‍ക്കാണ് അദ്ദേഹം ജോലി നല്‍കിയത്. എന്നിട്ടും അദ്ദേഹം വളരെ ലളിതനും എളിയവനുമായിരുന്നു. ബിസിനസ് വിഷയങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് കുടുംബാഗങ്ങളോടോ സുഹൃത്തുക്കളോടോ അദ്ദേഹം ഒന്നും ചര്‍ച്ച ചെയ്യാറില്ല”-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിദ്ധാര്‍ത്ഥയുടെ ആത്മാര്‍ഥ സുഹൃത്തുമായ ശങ്കര്‍ ഓര്‍ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook