ന്യൂഡൽഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ചെങ്കിലും കോൺഗ്രസിൽ മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരെന്ന കാര്യത്തിലെ അന്തിമ തീരുമാനം സംസ്ഥാന ഘടകങ്ങൾ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിട്ടു. നിയമസഭ കക്ഷിയോഗങ്ങളിൽ എംഎൽഎമാരുടെ അഭിപ്രായം ആരാഞ്ഞ കേന്ദ്ര നിരീക്ഷകർ സാമാജികരുടെ താൽപര്യം രാഹുലിനെ അറിയിച്ചു.
മധ്യപ്രദേശിൽ കമൽനാഥ്, രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡിൽ ടി.എസ്.സിങ് ദേവ് എന്നിവർക്കാണ് മുഖ്യ പരിഗണന നൽകുന്നത്. എന്നാൽ രാഹുലിന്റെ തീരുമാനം മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.
മധ്യപ്രദേശിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്നലെ എ.കെ.ആന്റണിയുടെ സാന്നിധ്യത്തിലായിരുന്നു എംഎൽഎമാരുടെ യോഗം. ഭൂരിപക്ഷം എംഎൽഎമാരും കമൽനാഥിനെ പിന്തുണച്ചു എന്നാണ് അറിയാൻ കഴിയുന്നത്. കമൽനാഥിനെ നാമനിർദ്ദേശം ചെയ്തത് ജ്യോതിരാദിത്യ സിന്ധ്യയാണെന്നാണ് വിവരം.
രാജസ്ഥാനിലാണ് കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് രാജസ്ഥാനിൽ പട്ടികയിലുള്ളത്. എംഎൽഎമാർ രണ്ട് പക്ഷമായി തിരിഞ്ഞുകഴിഞ്ഞു. കെ.സി.വേണുഗോപാലാണ് സംസ്ഥാനത്തെ നിരീക്ഷകൻ. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും രാഹുൽ ഡൽഹിയിലേക്ക് വിളിപ്പിച്ചതായും വാർത്തകളുണ്ട്.
വൻ ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡിൽ സാമുദായിക നീക്കങ്ങളാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. അങ്ങനെയെങ്കിൽ സാധ്യത ടി.എസ്.സിങ് ദേവിനാണ്. ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാകും ഛത്തീസ്ഗഡിലെ അന്തിമ തീരുമാനം.