/indian-express-malayalam/media/media_files/uploads/2019/09/ranjan-gogoi.jpg)
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ താന്‍ ശ്രീനഗര്‍ സന്ദര്‍ശിച്ച് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജമ്മു കശ്മീരിലെ ജനങ്ങള്‍ നിയമവ്യവഹാരങ്ങള്‍ക്കായി കോടതിയെ സമീപിക്കാന്‍ തടസങ്ങള്‍ നേരിടുന്നുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഹൈക്കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് വളരെ ഗുരുതരമായ സാഹചര്യമാണ്. ഞാന്‍ സ്വമേധയാ ശ്രീനഗര്‍ സന്ദര്‍ശിക്കും,' ഗൊഗോയ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശം നല്‍കി.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ട് ഹര്‍ജിക്കാരുടെ പരാതിക്ക് വിരുദ്ധമാണെങ്കില്‍ 'അനന്തരഫലങ്ങള്‍' നേരിടാന്‍ തയ്യാറാകണമെന്നും ജസ്റ്റിസ് ഗൊഗോയ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയെ സമീപിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാരോപിച്ച് ബാലാവകാശ പ്രവര്‍ത്തകന്‍ എനാക്ഷി ഗാംഗുലിയാണ് ഹര്‍ജി നല്‍കിയത്.
Read Also: കശ്മീരിൽ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്, കേന്ദ്രം റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിരവധി ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ബാരാമുല്ല, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു എന്നീ നാല് ജില്ലകള്‍ സന്ദര്‍ശിക്കാനാണ് അനുമതി. കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് തിരിച്ചെത്തി റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു. കശ്മീര്‍ സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ പ്രസ്താവനയോ റാലിയോ നടത്തില്ലെന്ന് ഗുലാം നബി ആസാദ് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കും കശ്മീരിലേക്ക് തിരിച്ചുപോകാന്‍ കോടതി അനുമതി നല്‍കി. കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന തരിഗാമി സുപ്രീം കോടതി നിര്‍ദേശപ്രകാരം ചികിത്സക്കായി ഡല്‍ഹിയിലെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.