ന്യൂഡല്‍ഹി: നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവിയിലെത്തിയിട്ടുള്ള നേതാക്കളുടെ പേര് അക്കമിട്ട് നിരത്തി മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ആചാര്യ കൃപാലിനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാണ്ടന്‍, യു എന്‍ ധേബര്‍, സഞ്ജീവ് റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി സുബ്രഹ്മണ്യന്, ജഗ്ജീവന് റാം എന്നീ പേരുകളാണ് ചിദംബരം ട്വീറ്റ് ചെയ്തത്. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാളെ അഞ്ചുവര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രസിഡന്റാക്കാന്‍ മോദി വെല്ലുവിളി നടത്തിയതിന്റെ പിന്നാലെയാണ് ചുട്ടമറുപടിയുമായി ചിദംബരം രംഗത്തെത്തിയത്.
കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടവരെ കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും മോദി സമയം കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും ചിദംബരം തിരിച്ചടിച്ചു. അതിന്റെ പകുതി സമയമെങ്കിലും നോട്ട് നിരോധനത്തെക്കുറിച്ചും ജിഎസ്ടിയെക്കുറിച്ചും, റാഫേല്‍ ഇടപാടിനെക്കുറിച്ചും, സിബിഐയെക്കുറിച്ചും റിസര്‍വ് ബാങ്കിനെക്കുറിച്ചുമെല്ലാം സംസാരിക്കാന്‍ മോദി ചെലവഴിക്കുമോ എന്നും ചിദംബരം ചോദിച്ചു.
കൂടാതെ കര്‍ഷക ആത്മഹത്യയെക്കുറിച്ചും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും, ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചും, ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചും, ആന്റി-റോമിയോ സ്ക്വാഡിനെക്കുറിച്ചും, പശുക്കളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും, ഭീകരവാദത്തെക്കുറിച്ചും മോദി സംസാരിക്കുമോ എന്നും ചിദംബരം ചോദിച്ചു.
ഛത്തീസ്ഗഢില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഗാന്ധി കുടുംബത്തെ ആക്രമിച്ചുകൊണ്ട് മോദി സംസാരിച്ചത്. നാല് തലമുറകള്‍ നമ്മുടെ രാജ്യംഭരിച്ചുവെന്നും എന്നാല്‍ പാവപ്പെട്ട ഒരു അമ്മയുടെ മകന് എങ്ങനെ സിംഹാസനത്തില്‍ ഇരിക്കാമെന്ന് കാണിച്ചില്ലെന്നും മോദി പരിസഹിച്ചു.
ഛത്തീസ്ഗഢിലെ അംബികാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കു നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മോദി ഉന്നയിച്ചത്. ബിജെപി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തിന്റെ കണക്ക് ചോദിക്കുന്നതിന് മുമ്പ്, ഗാന്ധി കുടുംബത്തിന്റെ നാല് തലമുറകള്‍ രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതിന്റെ കണക്കുകള്‍ നിരത്തണമെന്നും മോദി പറഞ്ഞു.