ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിനു ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിനു 105 ദിവസത്തിനുശേഷമാണു ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്.
ജസ്റ്റിസുമാരായ ആർ.ബാനുമതി, എ.എസ്.ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും അതേ തുകയുടെ ആള്‍ജാമ്യവുമാണു ജാമ്യവ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തു പോകരുത്, തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തരുത്, പരസ്യ പ്രസ്താവനകള്‍ പാടില്ല എന്നീ നിബന്ധനകളും ജാമ്യം അുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കേസില്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ നവംബർ 28 ന് വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണു ചിദംബരത്തിന് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Read Also: ജയിലില്‍ തലയിണയോ കസേരയോ ഇല്ല; നടുവേദനയുണ്ടെന്ന് ചിദംബരം
ഓഗസ്റ്റ് 21 നാണ് ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22 ന് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം ലഭിച്ചു. ഒക്ടോബർ 16 ന് കളളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ അറസ്റ്റ് ചെയ്തു. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 5 ന് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റി. ഇതിനുശേഷം പലതവണ ചിദംബരത്തിന്റെ ജുഡീഷ്യൽ കാലാവധി നീട്ടി.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.