scorecardresearch

ചിദംബരത്തിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല

മുൻ കേന്ദ്രമന്ത്രിയായ പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തേക്കും

മുൻ കേന്ദ്രമന്ത്രിയായ പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തേക്കും

author-image
WebDesk
New Update
P chidambaram, congress, ie malayalam

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി ഇന്ന് പരിഗണിക്കണം എന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതിനാൽ, ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തിന് ഇന്ന് മുൻകൂർ ജാമ്യം കിട്ടില്ല. സിബിഐയ്ക്ക് എപ്പോൾ വേണമെങ്കിലും ചിദംബരത്തെ കസ്റ്റഡിയിലെടുക്കാം. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന വാദം അംഗീകരിക്കാൻ സാധിക്കില്ല എന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വ്യക്തമാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലെ ഇന്നത്തെ നടപടികൾ പൂർത്തിയായി.

Advertisment

പി.ചിദംബരത്തിനായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ ചിദംബരത്തെ കാണാനില്ലായിരുന്നു. ഇന്നലെ മൂന്നുതവണയാണ് സിബിഐ സംഘം ചിദംബരത്തെ തേടി ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. അതേസമയം, ചിദംബരം ഒളിവിലാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിദംബരത്തിനായി പല സ്ഥലങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. എന്നാൽ, ചിദംബരം ഒളിവിൽ അല്ല എന്നാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞത്.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ചിദംബരം നൽകിയ ഹർജിയിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു. ഹർജിയിൽ തീരുമാനത്തിനായി ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലേക്ക് വിട്ടു. ചിദംബരത്തിന് അറസ്റ്റ് ഒഴിവാക്കാൻ പരിരക്ഷ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പി. ചിദംബരത്തിന്റെ ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തടസ ഹർജിയും നൽകിയിട്ടുണ്ട്.

ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു, ഇതിന് പിന്നാലെയാണ് പി.ചിദംബരത്തെ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമെത്തിയത്.

Advertisment

Also Read: ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പി.ചിദംബരത്തെ തേടിയാണ് തങ്ങൾ എത്തിയതെന്ന് എൻഫോഴ്സ്‌മെന്റ് സംഘം അറിയിച്ചു. എന്നാൽ വീട്ടിലെത്തിയ അന്വേഷണ ഏജൻസികൾക്ക് ചിദംബരം അവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ അർധരാത്രി പി.ചിദംബരത്തിന്റെ വീട്ടിൽ സിബിഐ നോട്ടീസ് പതിച്ചു. 'രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡൽഹി ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയിൽ പതിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയ് 31 നാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച സംരക്ഷണം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ പ്രതിസന്ധിയിലാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.

P Chidambaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: