scorecardresearch
Latest News

കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്; ഡൽഹി സർക്കാരിനെ വിമർശിച്ച് ചിദംബരം

ജെഎൻയു സമരവുമായി ബന്ധപ്പെട്ട് 2016 ൽ റജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാർ അടക്കമുളളവരെ വിചാരണ ചെയ്യാൻ ഡൽഹി പൊലീസിന് സർക്കാർ അനുമതി കൊടുത്തത്

Chidambaram, Kanhaiya, ie malayalam

ന്യൂഡൽഹി: കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി സർക്കാരിന്റെ നടപടിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. രാജ്യദ്രോഹ നിയമം മനസിലാക്കുന്നതിൽ ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനെക്കാൾ പിന്നിലാണെന്ന് ചിദംബരം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം കനയ്യ കുമാറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതിനെ താൻ ശക്തമായി എതിര്‍ക്കുന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

ജെഎൻയു സമരവുമായി ബന്ധപ്പെട്ട് 2016 ൽ റജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാർ അടക്കമുളളവരെ വിചാരണ ചെയ്യാൻ ഡൽഹി പൊലീസിന് സർക്കാർ അനുമതി കൊടുത്തത്. 2016 ഫെബ്രുവരി 9 ന് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാംപസിനുള്ളില്‍ സംഘടിപ്പിച്ച റാലിയ്ക്കിടെ കനയ്യ കുമാറും മറ്റുളളവരും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

Read Also: വനിതാ ടി20 ലോകകപ്പ്: വീണ്ടും ഷഫാലി വെടിക്കെട്ട്; തോൽവിയറിയാതെ ഇന്ത്യ

അതേസമയം, അതിവേഗ കോടതിയിൽ കേസിന്റെ വിചാരണ നടക്കണമെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരോടും പൊലീസിനോടും കനയ്യ കുമാർ ആവശ്യപ്പെട്ടു. അതിവേഗ കോടതിയിൽ കേസിന്റെ വിചാരണ നടക്കണം. രാജ്യദ്രോഹ കേസിൽ പെട്ടെന്ന് തീർപ്പുണ്ടായാൽ മാത്രമേ രാജ്യദ്രോഹ നിയമങ്ങൾ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനും ദുരുപയോഗം ചെയ്യുന്നത് എങ്ങനെയെന്ന് രാജ്യത്തിലെ ജനങ്ങൾക്ക് മനസിലാകൂവെന്ന് കനയ്യ ട്വീറ്റ് ചെയ്തു.

രാജ്യദ്രോഹ കേസിൽ 2016 ഫെബ്രുവരി 12 ന് കനയ്യ കുമാർ അറസ്റ്റിലായിരുന്നു. മാർച്ച് മൂന്നിനാണ് ജയിൽ മോചിതനായത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chidambaram criticises delhi govt decision to prosecute kanhaiya