ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും സുഹൃത്തുമായ ഛോട്ടാ ഷക്കീല്‍ സംഘത്തില്‍ നിന്നും വേര്‍പിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇരുവരും ഒളിച്ച് കഴിയുന്ന കറാച്ചിയിലെ ക്ലിഫ്റ്റണ്‍ പ്രദേശത്ത് നിന്നും ഷക്കീല്‍ മറ്റൊരിടത്തേക്ക് മാറിയതായും വിവരമുണ്ട്. 1980ല്‍ ഇരുവരും മുംബൈയില്‍ നിന്നും മുങ്ങിയതിന് ശേഷം ഇവിടെയായിരുന്നു താമസിച്ചിരുന്നത്.

ദാവൂദിന്റെ സഹോദരനായ അനീസ് ഇബ്രാഹിമുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് 50 വയസ് കഴിഞ്ഞ ഷക്കീല്‍ സംഘം വിട്ടതെന്നാണ് വിവരം. അധോലോക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അധികാരം ഏറ്റെടുക്കാനുളള അനീസിന്റെ ശ്രമങ്ങളെ ഷക്കീല്‍ എതിര്‍ത്തിരുന്നു. ഇതില്‍ ദാവൂദ് ഇടപെട്ടതുമില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഷക്കീല്‍ സംഘം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. അധോലോക സംഘത്തിന്റെ 30 വര്‍ഷത്തോളമായുളള പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നയാളാണ് ഛോട്ടാ ഷക്കീല്‍.

അതേസമയം, ഇരുവരും തമ്മിലുളള തര്‍ക്കം തീര്‍ത്ത് ഷക്കീലിനേയും ദാവൂദിനേയും ഒന്നിപ്പിക്കാന്‍ പാക് ചാര സംഘടയായ ഐഎസ്ഐ ശ്രമിക്കുന്നതായും വിവരമുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഐഎസ്ഐയെ സഹായിക്കുന്ന സംഘം വേര്‍പിരിഞ്ഞാലുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാനാണ് ഐഎസ്ഐയുടെ നീക്കം. 1993ല്‍ മുംബൈയില്‍ സ്ഫോടനം നടത്താന്‍ ഐഎസ്ഐയ്ക്ക് സഹായകമായത് ദാവൂദിന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. സ്ഫോടനത്തില്‍ ഛോട്ടാ ഷക്കീലാണ് മുഖ്യപ്രതികളിലൊരാള്‍.

അതേസമയം മുംബൈയിലുളള സംഘത്തിന്റെ കൂട്ടാളികളും ആരുടെ വാക്ക് കേള്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണെന്നാണ് വിവരം. മയക്കുമരുന്ന് കടത്ത്, ഹവാലാ ഇടപാട്, ക്വട്ടേഷനുകള്‍ തുടങ്ങിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഷക്കീലാണെന്നാണ് വിവരം. അബു സലീം, ഛോട്ടാ രാജന്‍, ഫഹീം മച്ച്മച് എന്നിവര്‍ നേരത്തേ ദാവൂദുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തമായി സംഘം ഉണ്ടാക്കിയവരാണ്. പിന്നീട് 2000ത്തില്‍ ഛോട്ടാ രാജനെ ബാങ്കോങ്ങില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചത് ഛോട്ടാ ഷക്കീല്‍ ആയിരുന്നു.

ദക്ഷിണ കറാച്ചിയിലാണ് ദാവൂദ് ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് വിവരം. ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്ന് നേരത്തേ വിവരം പുറത്തുവന്നിരുന്നു. കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റണ്‍. എന്നാല്‍ ദാവീദ് പാക്കിസ്ഥാനില്‍ ഇല്ലെന്നും തങ്ങള്‍ക്ക് അതിനെപറ്റി അറിയില്ലെന്നുമാണ് പാക്കിസ്ഥാന്‍ പറയുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ