റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയിലെ ചിന്താഗുഫയില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥർ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു. 12 ഡിസ്ട്രിക് റിസർവ് ഗാർഡ് (ഡിആർജി) അംഗങ്ങളും അഞ്ച് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അംഗങ്ങളുമാണു കൊല്ലപ്പെട്ടത്. അഞ്ച് മണിക്കൂറോളം നീണ്ട വെടിവയ്പില്‍ പതിനഞ്ച് ഡിആര്‍ജി ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണു സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ കനത്ത വെടിവയ്പ് നടന്നത്. മാവോയിസ്റ്റ് ഗറില്ലാ സേന (പിഎല്‍ജിഎ) എല്‍മഗുണ്ടയില്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിആര്‍ജി, എസ്ടിഎഫ്, കോബ്ര വിഭാഗങ്ങളുടെ സംയുക്ത സംഘമാണു ദൗത്യത്തിനായി പോയത്.
സുരക്ഷാ സംഘം തിരിച്ചുവരുന്നതിനിടെ കാരജ്ഗുഡ കുന്നിനു സമീപം ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്‌സലുകളുടെ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നു ഡിജിപി പറഞ്ഞു. ഉച്ചയ്ക്കു 2.30നായിരുന്നു സംഭവം.
പരുക്കേറ്റ 15 ഡിആര്‍ജി ഉദ്യോഗസ്ഥരെ ശനിയാഴ്ച രാത്രി വ്യോമമാർഗം റായ്പൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവര്‍ക്കു നെഞ്ചിലും വയറിലുമാണു വെടിയേറ്റത്.
ഏറ്റുമുട്ടലിനെത്തുടർന്ന് 17 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇവരിൽ കാണാതായവരില്‍ നാലുപേര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നലെ രാത്രി തിരിച്ചറിഞ്ഞതായി ഛത്തീസ്ഗഡ് ഡിജിപി ഡിജിപി ദുര്‍ഗേഷ് അവസ്തിപറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ഡിആര്‍ജി, എസ്ടിഎഫ്, കോബ്ര വിഭാഗങ്ങളില്‍നിന്നുള്ള 550 പേരടങ്ങിയ സംഘത്തെ ഞായറാഴ്ച രാവിലെ അയച്ചതായും ഡിജിപി ദുര്‍ഗേഷ് അവസ്തി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണു 17 പേർ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്
Read Also: ട്രെയിൻ ഗതാഗതം നിലയ്ക്കും; മാർച്ച് 31 വരെ പാസഞ്ചർ ട്രെയിനുകളും സർവീസ് നടത്തില്ല
”കാണാതായ 17 പേരില്‍ നാലുപേര്‍ ശനിയാഴ്ച രാത്രി ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ഒരാള്‍ ഭാര്യയെയും മൂന്നു പേര്‍ മറ്റുള്ളവരെയുമാണു വിളിച്ചത്.
രാത്രി അവരുടെ ലൊക്കേഷന്‍ ഞങ്ങള്‍ക്കു ലഭ്യമായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്കു പറയാനാവില്ല. മറ്റു 13 പേര്‍ എവിടെയാണെന്നോ അവരില്‍ എത്രപേര്‍ രക്തസാക്ഷിത്വം വരിച്ചെന്നോ അറിയില്ല,” എന്നായിരുന്നു അവസ്തി പറഞ്ഞത്. 2017നു ശേഷമുള്ള ഏറ്റവും വലിയ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.