റായിപൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാദയില്‍ സുരക്ഷാഭടന്മാര്‍ സ്കൂള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായ് പരാതി. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പൊതുവിദ്യാഭ്യാസസ്ഥാപനത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്കിടയില്‍ വച്ചാണ് പീഡനം ആരോപിക്കപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജില്ലാഭരണകൂടം ഒരഞ്ചംഗ പാനലിനെ നിയമിച്ചിട്ടുണ്ട്. പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 31നു രക്ഷാബന്ധനു മുന്നോടിയായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പല്‍നാര്‍ ഗ്രാമത്തിലെ പൊതുവിദ്യാലയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം നടക്കുന്നത് എന്ന് ദന്തേവാദ കളക്ടര്‍ സൗരഭ് കുമാര്‍ പിടിഐയോട് പറഞ്ഞു. മാവോയിസ്റ്റ് സ്വാധീനപ്രദേശമായ ദന്തേവാദയില്‍ സായുധരായ ഗ്രാമീണരെ അമര്‍ച്ചചെയ്യുവാനാണ് സിആര്‍പിഎഫിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സുരക്ഷാഉദ്യോഗസ്ഥര്‍ ഇത്തരം പരിപാടികളിള്‍ പങ്കേടുക്കുന്നുണ്ട്.

പ്രാദേശിക ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്യേണ്ടിയിരുന്ന പരിപാടിയില്‍ ഏതാണ്ട് അഞ്ഞൂറോളം പെണ്‍കുട്ടികളാണ് പങ്കെടുത്തത്. “ഓഗസ്റ്റ് ഒന്നാം തീയ്യതിയാണ് മൂന്നു പെണ്‍കുട്ടികളെ തിരച്ചില്‍ എന്നപേരില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ശരീരപരിശോധന നടത്തിയതായി ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെടുന്നത്. കുട്ടികളോട് അങ്ങനെ ചെയ്യാന്‍ പാടില്ല” സൗരഭ്കുമാര്‍ പറഞ്ഞു.

ദന്തേവാദ പൊലീസ് സുപ്രണ്ടിനും സിആര്‍പിഎഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിനുമൊപ്പം പോവുകയും വനിതാ ഉദ്യോഗസ്ഥരുടേയും ഹോസ്റ്റല്‍ വാര്‍ഡന്‍റെയും സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കുകയും ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ” ശൗചാലയത്തില്‍ പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടികളുടെ ശരീരത്തില്‍ പിടിച്ചുകൊണ്ട് യൂണിഫോം ധരിച്ച പുരുഷന്മാര്‍ പരിശോധന നടത്തിയെന്ന്‍ അവര്‍ പറയുകയുണ്ടായി ” അദ്ദേഹം പറഞ്ഞു.

ഒരു സുരക്ഷാഭടന്‍ പെണ്‍കുട്ടികളെ ശരീര പരിശോധന നടത്തുമ്പോള്‍ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അതു നോക്കി നില്‍ക്കുകയും ചെയ്തു എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതായി സൗരഭ്കുമാര്‍ പറഞ്ഞു. ” ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ദന്തേവാദ ജില്ലാ പഞ്ചായത്ത് മുഖ്യന്റെ നേത്രുത്വത്തിലുല്ലൊരു അഞ്ചംഗസംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുണ്ട്” ദന്തേവാദ കളക്ടര്‍ സൗരഭ്കുമാര്‍ പറഞ്ഞു

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ആക്രമങ്ങള്‍ക്കായുള്ള പോസ്കോ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് തിരിച്ചറിയാത്ത രണ്ടു സുരക്ഷാഭടന്മാര്‍ക്കെതിരെ കുവകൊണ്ട പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അധികാരികള്‍ വിഷയത്തെ മൂടിവെക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സോണി സോറി ആരോപിച്ചു. ” ഞാന്‍ പെണ്‍കുട്ടികളെ കാണാന്‍ ഹോസ്റ്റലിലേക്ക് പോയെങ്കിലും അവരെന്നെ കാണാന്‍ അനുവദിച്ചില്ല. അതെ സ്കൂളില്‍ പഠിക്കുന്ന സമീപഗ്രാമങ്ങളിലെ പെണ്‍കുട്ടികളോട് ഞാന്‍ കാര്യം അന്വേഷിക്കുകയുണ്ടായി. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് എന്ന് തറപ്പിച്ചുപറഞ്ഞ പെണ്‍കുട്ടികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ ശൗചാല്യത്തിലേക്ക് പിന്തുടര്‍ന്ന്‍ ചെല്ലുകയായിരുന്നു എന്നും അവിടെ വച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നും പറഞ്ഞു. ” സോണി സോറി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ