Latest News

ഗാന്ധിജിക്കെതിരായ പരാമർശം; ഹിന്ദുമത പുരോഹിതൻ കാളീചരൺ മഹാരാജ് അറസ്റ്റിൽ

കോൺഗ്രസ് നേതാവ് പ്രമോദ് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്

Kalicharan Maharaj, Kalicharan Maharaj on gandhi, mahatma gandhi, mp news, chhattisgarh news, hindu religious leader, mp news today, madhya pradesh latest news

റായ്പൂർ: ഗാന്ധിജിയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ ഹിന്ദുമത നേതാവ് കാളീചരൺ മഹാരാജിനെ മധ്യപ്രദേശിൽ നിന്ന് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുവരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ്‌ രജിസ്റ്റർ ചെയ്ത് നാലാം ദിവസമാണ് അറസ്റ്റ്.

ഇയാളെ പിടികൂടുന്നതിനായി പൊലീസിന്റെ മൂന്ന് സംഘങ്ങൾ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും തിരച്ചിൽ നടത്തിവരികയായിരുന്നു “മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് 25 കിലോമീറ്റർ അകലെ നിന്നാണ് ഞങ്ങൾ അയാളെ കണ്ടെത്തിയത്. ബാഗേശ്വര് ഡാമിന് സമീപം വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയായിരുന്നു. പുലർച്ചെ നാല് മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോൾ റായ്പൂരിലേക്ക് കൊണ്ടുവരികയാണ്, ഇവിടെ വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു,” റായ്പൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു.

ഡിസംബർ 25-26 തീയതികളിൽ റായ്പൂരിൽ സംഘടിപ്പിച്ച ‘ധരം സൻസദ്’ എന്ന പരിപാടിയിൽ അതിഥിയായെത്തിയ കാളീചരൺ, മഹാത്മ ഗാന്ധിയെ അധിക്ഷേപിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയതിന് നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് പ്രമോദ് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രിയാണ് ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 505(2), 294 എന്നിവ പ്രകാരം പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.

റായ്പൂരിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മഹാരാഷ്ട്രയിലെ അകോല ജില്ലയിലും കാളിചരണിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Also Read: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് വ്യോമയാന മന്ത്രാലയം

അതിനു മുൻപ്, ഡിസംബർ 19ന് പൂനെയിൽ നടന്ന ‘ശിവപ്രതാപ് ദിൻ’ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാൾക്കെതിരെ പൂനെ സിറ്റി പൊലീസും ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം, കാളീചരണിനെ അറസ്റ്റ് ചെയ്തതിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തി. മധ്യപ്രദേശ് പൊലീസിനെ അറിയിക്കാതെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് പൊലീസിന്റെ നടപടി മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് മിശ്ര പറഞ്ഞു.

എന്നാൽ, മഹാത്മ ഗാന്ധിയെ അവഹേളിച്ച വ്യക്തിയുടെ അറസ്റ്റിൽ സന്തോഷമാണോ സങ്കടമാണോയെന്ന് നരോത്തം മിശ്ര വ്യക്തമാക്കണമെന്നും നടപടിക്രമങ്ങൾക്കനുസൃതമായാണ് അറസ്റ്റ് ചെയ്തതെന്നും മിശ്രയ്ക്ക് മറുപടി നൽകികൊണ്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chhattisgarh police arrest hindu seer kalicharan maharaj from mp mahatma gandhi

The moderation of comments is automated and not cleared manually by malayalam.indianexpress.com