റായ്പൂർ: പോളിങ് ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂജ നടത്തിയ ഛത്തീസ്ഗഡ് മന്ത്രിയോട് വിശദീകരണം തേടി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മന്ത്രി ദയാൽദാസ് ബാഗ്ഹെലാണ് വോട്ടിങ് മെഷീനിൽ പൂജ നടത്തിയത്.
ബെമേതാര ജില്ലയിലെ നവാഗഡിലെ വോട്ടിങ് തുടങ്ങുന്നതിന് മുൻപായാണ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് റിട്ടേണിങ് ഓഫിസർ മന്ത്രിയിൽനിന്നും വിശദീകരണം തേടി നോട്ടീസ് അയച്ചത്.
ജനാധിപത്യത്തിൽ സാധാരണ ജനങ്ങളെയും വോട്ടർമാരെയുമാണ് നേതാക്കൾ പൂജിക്കേണ്ടതെന്ന് കോൺഗ്രസ് വക്താവ് ഷൈലേശ് നിതിൻ ത്രിവേദി പറഞ്ഞു. 15 വർഷമായി ജനങ്ങൾക്കുവേണ്ടി ബിജെപിയും അവരുടെ മന്ത്രിമാരും ഒന്നും ചെയ്തിട്ടില്ല. വോട്ടെടുപ്പ് ദിവസം വോട്ടിങ് മെഷീന് പൂജ നടത്തിയതുകൊണ്ട് കാര്യമില്ലെന്നും ത്രിവേദി പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു ഛത്തീസ്ഗഡിലെ രണ്ടാഘട്ട വോട്ടെടുപ്പ്. നവാഗഡ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.