ബിജാപുര്‍: ഛത്തീസ്ഗഡിലെ സുകുമയില്‍ ഏറ്റുമുട്ടലിനിടെ കസ്റ്റഡിയിലെടുത്ത സിആര്‍പിഎഫ് കോബ്ര യൂണിറ്റ് ജവാന്റെ ചിത്രം സിപിഐ (മാവോയിസ്റ്റ്) പുറത്തുവിട്ടു. ജവാനെ കൈമാറാന്‍ മധ്യസ്ഥരുടെ പേരുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നു മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്പെഷല്‍ സോണ്‍ കമ്മിറ്റി (ഡി.എസ്.ഇസഡ്.സി) ഇന്നലെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ജവാന് തങ്ങളുടെ കസ്റ്റഡിയിലാണെന്നു വ്യക്തമാക്കുന്ന ചിത്രം മാവോയിസ്റ്റുകള്‍ പുറത്തുവിട്ടത്.
കോബ്ര ജവാന് രാകേശ്വര്‍ സിങ് മന്‍ഹാസ് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പ്ലാസ്റ്റിക് പായയില്‍ ഇരിക്കുന്നതാണു ചിത്രത്തില്‍ കാണുന്നത്. ഇത് മാവോയിസറ്റ് ക്യാമ്പ് ആകാനാണു സാധ്യത.
സുക്മ-ബിജാപൂര്‍ ജില്ലാ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന കടുത്ത ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഏപ്രില്‍ മൂന്നിനാണു മന്‍ഹാസിനെ കാണാതായത്. ഇക്കാര്യം ഞായറാഴ്ച പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജവാന് മാവോയിസ്റ്റ് കസ്റ്റഡിയിലാണെന്നു വ്യക്തമാക്കുന്ന ഫോണ്‍ കോളുകള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കു തിങ്കളാഴ്ച ലഭിച്ചിരുന്നു.
Also Read: റിപ്പോ നിരക്കിൽ മാറ്റമില്ല; ആർബിഐ വായ്പാനയം പ്രഖ്യാപിച്ചു
മന്‍ഹാസ് തങ്ങളുടെ കസ്റ്റഡിയിലുള്ള കാര്യം ഇന്നലെ മാവോയിസ്റ്റുകള്‍ സ്ഥിരീകരിച്ചു. ”മധ്യസ്ഥരുടെ പേരുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. അതിനുശേഷം, ഞങ്ങളുടെ കസ്റ്റഡിയിലുള്ള പൊലീസുകാരനെ വിട്ടയയ്ക്കും. അതുവരെ അദ്ദേഹം തങ്ങളുടെ കസ്്റ്റഡിയില്‍ സുരക്ഷിതനായിരിക്കും,”എന്നാണ് ഡി.എസ്.ഇസഡ്.സി. വക്താവ് വികല്പ് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞത്.
പത്രക്കുറിപ്പിന്റെ ആധികാരികത പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിനോട് ബസ്തര്‍ റേഞ്ച് ഐ.ജി ഒപി സുന്ദര്‍രാജ് പ്രതികരിച്ചത്.മന്‍ഹാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.
മാവോയിസ്റ്റുകള്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണു കൊല്ലപ്പെട്ടത്. എന്നാല്‍ തങ്ങളുടെ ആക്രമണത്തില്‍ 24 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായും 31 പേര്‍ക്ക് പരുക്കേറ്റതായുമാണ് ഡി.എസ്.ഇസഡ്.സി. ഇന്നലെ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. ഏറ്റുമുട്ടലില്‍ മരിച്ച നാല് മാവോയിസ്റ്റുകളുടെ പേര് പുറത്തുവിട്ട ഡി.എസ്.ഇസഡ്.സി, സുരക്ഷാ സേനയുടെ 14 ആയുധങ്ങളും രണ്ടായിരത്തിലധികം വെടിയുണ്ടകളും മറ്റ് വസ്തുക്കളും ശേഖരിച്ചതായും അവകാശപ്പെട്ടു.