ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 17 ജവാൻമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെടുത്തു. ഇതോടെ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 22 ആയതായി ബിജാപൂർ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഏറ്റുമുട്ടലിന് പിറകെ പൊലീസ് അറിയിച്ചിരുന്നു. ഒരു ജവാനെ ഇപ്പോഴും കാണാനില്ലെന്ന് ബിജാപൂർ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.
ബിജാപൂരിൽ ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെ ടാരെം മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏപ്രിൽ രണ്ടിന് സുക്മയിലെയും ബിജാപൂരിലെയും കുറഞ്ഞത് അഞ്ച് ക്യാമ്പുകളിൽ നിന്നായി 2000 ലധികം ഉദ്യോഗസ്ഥർ ഈ പ്രദേശത്ത് എത്തിയിരുന്നു.
Read More: ഉത്തര്‍ പ്രദേശില്‍ കൂട്ടബലാത്സംഗം; പെണ്‍കുട്ടി മരിച്ചു, ആത്മഹത്യയെന്ന് പൊലീസ്
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ), ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥരാണ് ബിജാപൂരിലെ ടാരെം , ഉസൂർ, പമേദ് സുക്മയിലെ മിൻപ, നർസാപുരം എന്നീ അഞ്ചിടങ്ങളിൽ നടന്ന സുരക്ഷാ നീക്കങ്ങളിൽ പങ്കാളികളായത്.
മാവോയിസ്റ്റ് കമാൻഡറായ ഹിദ്മയെ കണ്ടെത്തുന്നതിനായിരുന്നു സൈനിക നടപടി ആരംഭിച്ചത്. സുരക്ഷാ സേനയ്ക്കെതിരായ നിരവധി ആക്രമണങ്ങൾക്ക് ഇയാൾ ഉത്തരവാദിയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഹിദ്മ സജീവമായിരുന്നെന്നും ശനിയാഴ്ചത്തെ ആക്രമണത്തിന് ഹിദ്മയുടെ ടീം ഉത്തരവാദികളാണെന്നും പൊലീസ് കരുതുന്നു.