ന്യൂഡല്‍ഹി: ഛത്തീസ്‌ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡയിലെ അരൺപൂർ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്ഫോടനം.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 2021ൽ സുക്മ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ 22 സുരക്ഷ ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
“വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ദുഃഖകരമായ ഒന്നാണ് സംഭവിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. ഈ പോരാട്ടം അവസാന ഘട്ടത്തിലാണ്. നക്സലുകളെ വെറുതെ വിടില്ല,” ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോ മീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്.
നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്ന സംസ്ഥാന സേനയായ ജില്ലാ റിസർവ് ഗാർഡിൽ (ഡിആർജി) നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർജിയുടെ ഒരു സംഘം അരൺപൂരിലെത്തിയിരുന്നു. ആസ്ഥാനത്തേക്ക് വാഹനത്തിൽ മടങ്ങുകയായിരുന്ന സംഘം അരൺപൂർ റോഡിൽ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.
“ദന്തേവാഡ ജില്ലയിലെ അരൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെ (ഡിഐജി) നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി. ദന്തേവാഡയിലുള്ള ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഘം മാവോയിസ്റ്റുകളുടെ ആക്രമണത്തിന് ഇരയായത്. ഐഇഡി ആക്രമണത്തിൽ ഒരു വാഹനം പൊട്ടിത്തെറിച്ചു, അതിൽ 10 ഡിആർജി ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും മരിച്ചു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെയും (സിആർപിഎഫ്) ഡിആർജിയുടെയും സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്, ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്,” സുന്ദർരാജ് പി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ സംഭവത്തില്‍ അനുശോചനം അറിയിച്ചു.