ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വെടിവയ്പിൽ 4 പൊലീസുകാർ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു. മാവോയിസ്റ്റുകളെ അമർച്ച ചെയ്യാൻ രൂപീകരിച്ച ജില്ലാ റിസർവ് ഗാർഡിൽ ഉൾപ്പെട്ട പൊലീസുകാരാണ് കൊല്ലപ്പെട്ടവരെല്ലാം. നാരായൺപൂർ ജില്ലയിലെ അഹൂജാമാദ് വനത്തിലാണ് മാവോയിസ്റ്റുകളും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
രാവിലെ 11 മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പിൽ മാവോയിസ്റ്റുകൾക്കും പരുക്കേറ്റിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഓഫീസർ അറിയിച്ചു. വെടിവയ്പിൽ പരുക്കേറ്റ പൊലീസുകാരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഐജി ബസ്തർ നാരായണപൂർ ജില്ലയിലേക്ക് തിരിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തിയ ഡിആർജി സംഘത്തിനുനേർക്കാണ് വെടിവയ്പ് ഉണ്ടായതെന്നാണ് വിവരം. ഉൾക്കാടിനുളളിൽവച്ചാണ് മാവോയിസ്റ്റുകൾ പൊലീസുകാർക്ക് നേരെ വെടിയുതിർത്തത്.