ബിലാസ്പൂർ: ബിജെപി നേതാക്കളുടെ പെൺമക്കൾ മുസ്‌ലിം യുവാക്കളെ സ്നേഹിച്ച് വിവാഹം കഴിക്കുന്നത് ലവ് ജിഹാദല്ലേയെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. മറ്റാരെങ്കിലും അങ്ങനെ വിവാഹം ചെയ്താൽ അത് ലവ് ജിഹാദായി മുദ്ര കുറ്റപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു.
ബിലാസ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഭൂപേഷിന്റെ ആരോപണം. ബെമെതാര ജില്ലയിലെ ബിരാൻപൂർ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ച നടന്ന വർഗീയ കലാപത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
“ബന്ദിന് ആഹ്വാനം ചെയ്യുന്നതിനു മുൻപ് ബിജെപി വിഷയം (സംഘർഷം) പരിശോധിക്കുകയോ റിപ്പോർട്ട് പുറത്തുവിടുകയോ ചെയ്തിട്ടില്ല. രണ്ട് കുട്ടികൾ തമ്മിലുള്ള വഴക്ക് സംഘർഷത്തിലേക്കും ഒരു മനുഷ്യന്റെ ജീവൻ അപഹരിക്കുന്നതിലേക്കും എത്തിയെന്നത് സങ്കടകരമാണ്. അതിനെ ന്യായീകരിക്കാനാവില്ല. എന്നാൽ അതിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്,” ചില മിശ്രവിവാഹങ്ങളെ തുടർന്നാണ് ബിരാൻപൂരിൽ സംഘർഷം ഉടലെടുത്തതെന്ന ബിജെപിയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഭൂപേഷ് ഇങ്ങനെ പറഞ്ഞത്.
“അവർ ലൗ ജിഹാദിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കളുടെ പെൺമക്കൾ മുസ്ലീങ്ങളെ വിവാഹം കഴിച്ചവരാണ്. ലൗ ജിഹാദിന്റെ ഗണത്തിൽ അത് ഉൾപ്പെടില്ലേ? ഛത്തീസ്ഗഡിലെ ബിജെപിയുടെ ഏറ്റവും വലിയ നേതാവിന്റെ മകൾ എവിടെപ്പോയെന്ന് നിങ്ങൾ ചോദിക്കുന്നു. അത് ലൗ ജിഹാദല്ലേ? അവരുടെ മകൾ ചെയ്യുമ്പോൾ അത് പ്രണയമാണ്, എന്നാൽ മറ്റാരെങ്കിലും ചെയ്താൽ അത് ജിഹാദാണ്, ” ഭൂപേഷ് പറഞ്ഞു.
ഇത് തടയാൻ അവർ (ബിജെപി) എന്താണ് ചെയ്തത്? അതിൽ രാഷ്ട്രീയ നേട്ടം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. തങ്ങളുടെ മരുമക്കളെ മന്ത്രിയും എംപിയും ആക്കുകയും മറ്റുള്ളവരെ വ്യത്യസ്ത നിയമങ്ങൾക്കനുസരിച്ച് പരിഗണിക്കുകയും ചെയ്യുന്നുവെന്ന് ഭൂപേഷ് പറഞ്ഞു.
സ്‌കൂൾ കുട്ടികൾ തമ്മിലുള്ള വഴക്കാണ് പിന്നീട് കലാപത്തിലേക്ക് വഴിമാറിയത്.
ഏപ്രിൽ എട്ടിന് ബെമെതാര ടൗണിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബിരാൻപൂരിലായിരുന്നു സംഭവം. പ്രദേശവാസിയായ ഭുനേശ്വർ സാഹു (22) കൊല്ലപ്പെടുകയും മൂന്ന് പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.
ബെമെതാര ജില്ലയിൽ നാലോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ തടയുന്ന ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർപിസി) സെക്ഷൻ 144 പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമത്തിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് ചെയ്തിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി ഗ്രാമത്തിലും പരിസരത്തും ആയിരത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. മരിച്ച സാഹുവിന്റെ ബന്ധുക്കൾക്ക് സർക്കാർ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകുമെന്ന് മുഖ്യമന്ത്രി ബാഗേൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.