ജഞ്ച്ഗിര്‍: ഛത്തീസ്‌ഗഡില്‍ കുഴല്‍ക്കിണറില്‍ വീണ പതിനൊന്നു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു. 60 അടിയോളം താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ റോബോട്ട് വിദഗ്ധരുടെ സഹായത്തോടെ പുറത്തെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. രക്ഷാപ്രവര്‍ത്തനം 45 മണിക്കൂര്‍ പിന്നിട്ടിരിക്കെ കുട്ടിക്കു ബോധമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജഞ്ച്‌ഗിര്‍ ചമ്പ ജില്ലയിലെ മല്‍ഖരോഡ ഡെവലപ്മെന്റ് ബ്ലോക്കിലെ പിഹ്രിദ് ഗ്രാമത്തിലെ തന്റെ വീടിനു പുറകുവത്തെ കിണറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു രാഹുല്‍ സാഹു വീണത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. ഉപയോഗിക്കാതെ കിടക്കുന്ന കുഴല്‍ക്കിണറാണിത്.
കുഴല്‍ക്കിണറിനു സമാന്തരമായി കുഴിയെടുത്തു കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച കുഴിനിര്‍മാണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. കുട്ടി കുടുങ്ങിക്കിടക്കുന്നതിനോളം ആഴത്തില്‍ കുഴിയെടുത്തശേഷം കുഴൽക്കിണറിലേക്കു തുരങ്കമുണ്ടാക്കി അതുവഴി പുറത്തെടുക്കാനാണു പദ്ധതി.
ദേശീയ ദുരന്തനിവാരണ സേന (എന്‍ ഡി ആര്‍ എഫ്)യുടെയും കരസേനയുടെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ അടങ്ങുന്ന രക്ഷാസംഘമാണു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അത്യന്താധുനിക യന്ത്രങ്ങും വാഹനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ഇതിനൊപ്പം റോബോട്ടിന്റെ സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഗുജറാത്തില്‍നിന്നാണ് റോബോട്ട് വിദഗ്ധരുടെ സംഘമെത്തിയിരിക്കുന്നത്.

”ആരോഗ്യ ഉദ്യോഗസ്ഥര്‍ രാഹുലിന്റെ അവസ്ഥ ക്യാമറകളിലൂടെ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. കുട്ടിക്കു ബോധവും ചലനങ്ങളുമുണ്ട്. ഇന്നു വെളുപ്പിനു ശീതളപാനീയവും വാഴപ്പഴവും രാവിലെ ജ്യൂസും നല്‍കി. കുട്ടിക്കു പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കുന്നുണ്ട്,” സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ തടയാന്‍ കുഴല്‍ക്കിണറുകള്‍ മൂടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നിര്‍ദേശം നല്‍കി.
Also Read: കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരന് രക്ഷകരായി സൈന്യം; കയ്യടിച്ച് സോഷ്യല്‍ മീഡിയ