‘സർ,
ഞാനും എന്റെ മകൾ ചന്ദയും താമസിക്കുന്ന വീട്ടിലെ രണ്ട് ശൗചാലയങ്ങൾ ഇന്നലെ രാത്രി ആരോ മോഷ്ടിച്ചിരിക്കുന്നു. ഞങ്ങൾക്ക് പ്രാഥമിക കർമങ്ങൾ നിറവേറ്റാൻ മറ്റു സ്ഥലമില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ കാണാതായ ശൗചാലയങ്ങൾ കണ്ടെത്തി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്
ബെല ഭായ് പട്ടേൽ,
ഒപ്പ്

ഇങ്ങനെ ഒരു പരാതി കണ്ടാൽ ഏത് പൊലീസുകാരനും ഞെട്ടിപ്പോകും. ചത്തീസ്ഗഢിലെ ബിലാസ്പൂരിലെ പെന്ദ്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് എന്തു ചെയ്യണമെന്നറിയാതെ ഇപ്പോൾ കുഴങ്ങിയിരിക്കുന്നത്. അമർപൂർ ഗ്രാമത്തിൽ താമസിക്കുന്ന എഴുപതുകാരിയായ ബെല ഭായ് പട്ടേലും മകൾ ചന്ദയുമാണ് ഇത്തരമൊരു പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

സത്യത്തിൽ ബെല ഭായി മോഷണം പോയെന്ന് ആരോപിക്കുന്ന ശൗചാലയങ്ങൾ പ്രതീകാത്മകം മാത്രമാണ്. അധികാരികൾ ഇവർക്ക് നൽകിയതായി രേഖകകളിൽ മാത്രമുള്ള ശൗചാലയങ്ങളാണ് മോഷണം പോയതായി ഇവർ പരാതി നൽകിയിരിക്കുന്നത്.

പരാതിയുടെ ഫ്ലാഷ്ബാക്ക് ഇങ്ങനെ: ബെല ഭായിയും മകൾ ചന്ദയും വിധവകളാണ്. രണ്ട് പേരും ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഒരു വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇവർ താമസിക്കുന്നത്. 2015 അവസാനത്തിൽ വീട്ടിൽ രണ്ട് ശൗചാലയങ്ങൾ അനുവദിച്ചു കിട്ടാൻ ഇവർ അമർപൂർ ഗ്രാമപഞ്ചായത്തിൽ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നു. പഞ്ചായത്ത് ഇവരുടെ അപേക്ഷ അംഗീകാരത്തിനായി പെന്ദ്ര ജൻപദ് പഞ്ചായത്തിലേക്ക് അയക്കുകയും ജൻപദ് പഞ്ചായത്ത് അപേക്ഷ അംഗീകരിക്കുകയും ചെയ്യുന്നു.

എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ശൗചാലയങ്ങളുടെ നിർമാണം ആരംഭിച്ചില്ല. ജൻപദിൽ വീണ്ടും അന്വേഷിച്ചപ്പോഴാണ് ഇവർ ഞെട്ടുന്നത്. ശൗചാലയങ്ങൾ ഇതിനോടകം പണിഞ്ഞു തന്നിട്ടുണ്ട് എന്നായിരുന്നു ലഭിച്ച മറുപടി. വിധവകളായ സ്ത്രീകളുടെ ദുരവസ്ഥ കണ്ട് സാമൂഹ്യ പ്രവർത്തകനായ സുരേന്ദ്ര പട്ടേൽ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് ബെല ഭായ്ക്കും ചന്ദക്കും അനുവദിച്ച് നൽകിയ തുക പൂർണമായും മറ്റാരോ കൈപറ്റിയതായും രേഖകളിൽ ശൗചാലയം നിർമിച്ചു നൽകിയതായി കാണിച്ചിരിക്കുന്നതായും മനസിലായത്.

ഇതോടെയാണ് രേഖകളിൽ മാത്രമുള്ള ശൗചാലയങ്ങൾ മോഷണം പോയതായ പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. എന്തായാലും എട്ടിന്റെ പണി കിട്ടിയത് പൊലീസുകാർക്കാണ്. സ്ത്രീകളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് പെന്ദ്ര പൊലീസ് സ്റ്റേഷൻ ഓഫീസർ ഇഷാഖ് ഖാൽകോ അറിയിച്ചിരിക്കുന്നത്.

ശൗചാലയം നിർമ്മിക്കാൻ പരസ്യം നൽകിയാൽ മാത്രം പോരെന്നും ഇത്തരം പദ്ധതികൾ അഴിമതിയടക്കമുള്ള പ്രതിബന്ധങ്ങൾ തരണം ചെയ്ത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും ബെല ഭായിയുടേയും ചന്ദയുടേയും അനുഭവം വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ