ചെന്നൈ: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ശേഷവും തമിഴില്‍ ഹിറ്റായി മാറിയ വിജയ് ചിത്രമാണ് മെര്‍സല്‍. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ പരിഹസിച്ച ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെയായിരുന്നു ബിജെപി അനുഭാവികള്‍ രംഗത്ത് വന്നിരുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തടയാന്‍ അടക്കം ശ്രമങ്ങള്‍ നടന്നെങ്കിലും കോളിവുഡിലെ എക്കാലത്തേയും മികച്ച പണം വാരിയ ചിത്രമായി മെര്‍സല്‍ മാറി.

മെര്‍സലില്‍ വിജയ് ചെയ്ത ഡോക്ടര്‍ കഥാപാത്രത്തെ നമുക്ക് മറക്കാനാവില്ല. 5 രൂപ മാത്രം ഫീസ് ഈടാക്കി രോഗികളെ ചികിത്സിക്കുന്ന ഡോക്ടറെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്. ചെന്നൈയില്‍ ഉളള നിരവധി ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ കുറഞ്ഞ തുക മാത്രം ഈടാക്കി ചികിത്സ നടത്തുന്നുണ്ട്. അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മെര്‍സലില്‍ വിജയ് കഥാപാത്രത്തിന് ജീവന്‍ നല്‍കിയതും. ചെന്നൈയിലുളള അത്തരം ഡോക്ടര്‍മാരില്‍ പ്രശസ്തനായ ഡോ. എസ്.ജയചന്ദ്രന്‍ അന്തരിച്ചു. ‘രണ്ട് രൂപ ഡോക്ടര്‍’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ചെന്നൈയില്‍ മെഡിക്കല്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. രണ്ട് രൂപ മാത്രം ഈടാക്കി ചികിത്സ നടത്തുന്ന ഇദ്ദേഹത്തിന്റെ അരികില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങളായിരുന്നു കൂടുതലും എത്തിയിരുന്നത്. പതിറ്റാണ്ടുകളായി നടത്തുന്ന ഈ സേവനം തന്റെ അവസാന ശ്വാസം വരെ അദ്ദേഹം തുടര്‍ന്നു. പഴയ വശര്‍മന്‍പേട്ടില്‍ വച്ച് വ്യാഴാഴ്ചയാണ് അദ്ദേഹം മരിച്ചത്. എന്നും രാവിലെ 4.30ന് രോഗികളെ കാണാന്‍ ആരംഭിക്കുന്ന അദ്ദേഹം ദിനംപ്രതി ഏകദേശം 250 രോഗികളെയെങ്കിലും ചികിത്സിക്കാറുണ്ട്.

അടുത്ത കാലത്തായി ഫീസ് 10 രൂപയാക്കിയെങ്കിലും രോഗികള്‍ക്ക് അത് വലിയ കാര്യമായിരുന്നില്ല. കാരണം ആയിരക്കണക്കിന് രോഗികളുള്ള ഈ ഡോക്ടര്‍ക്ക് ഫീസ് ഒരു പ്രശ്‌നമേ അല്ലായിരുന്നു. ഫീസ് നല്‍കണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധവുമില്ലായിരുന്നു. പലപ്പോഴും സൗജന്യമായും ചികിത്സ നല്‍കി. ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാനായി കണ്ണീരണിഞ്ഞ് ആയിരക്കണക്കിന് പേരാണ് എത്തിയത്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റുകള്‍ നിറഞ്ഞു.

സാധുക്കളായ ആള്‍ക്കാര്‍ക്കിടയിലായിരുന്നു ജയചന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ രോഗികള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന ചികിത്സ തികച്ചും സൗജന്യമായിരുന്നു. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങിയവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. സാമ്പത്തിക ശേഷിയില്ലാത്ത ചെന്നൈയിലെ രണ്ട് തലമുറയെ ലാഭം നോക്കാതെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെ വിയോഗം തങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നാണ് നാട്ടുകാരുടെ പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ