ചെന്നൈ: ഫ്ലക്സ് ബോർഡ് പൊട്ടി വീണു യുവതി മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. ബ്യൂറോക്രാറ്റിക് അനാസ്ഥയുടെ അനന്തര ഫലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടമെന്ന് കോടതി വിമർശിച്ചു.

”രാജ്യത്തെ ജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ല. ഇത് ബ്യൂറോക്രാറ്റിക് അനാസ്ഥയാണ്. ക്ഷമിക്കുക, സർക്കാരിൽ ഞങ്ങൾക്കുളള വിശ്വാസം നഷ്ടപ്പെട്ടു,” ജസ്റ്റിസ് സെഷാസയി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

അതിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. അതിനിടെ, ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

ബാനറുകൾ സ്ഥാപിക്കുന്നതിനെ താനൊരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ ട്വീറ്റ് ചെയ്തു. ധർമപുരിയിൽ നിന്നുളള ഡിഎംകെ എംപി ഡോ.സെന്തിൽകുമാറും ഹോർഡിങ്ങുകൾക്ക് താനെതിരാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ എഐഎഡിഎംകെ സർക്കാരിനെ വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും രംഗത്തു വന്നിട്ടുണ്ട്. സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനവും, പൊലീസ് ഉദ്യോഗസ്ഥരുടെ കഴിവുകേടുമാണ് ശുഭശ്രീയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. അനധികൃത ബാനറുകൾ ഒരു ജീവൻ കൂടി എടുത്തു. അധികാര മോഹികളും അരാജകത്വവാദികളുമായ ഭരണകൂടം മൂലം ഇനിയും എത്രപേരുടെ ജീവനായിരിക്കും നഷ്ടപ്പെടുകയെന്നും സ്റ്റാലിൻ ചോദിച്ചു.

ഇന്നലെയാണ് ചെന്നൈയിൽ 23 കാരിയായ യുവതി അതിദാരുണമായി മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്കുമേൽ ഫ്ലക്സ് ബോർഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ വാട്ടർ ലോറിക്കടിയിലേക്ക് വീണു. അപകടത്തിൽപ്പെട്ട ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) യെ ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹപ്പരസ്യം പതിച്ച ബോർഡാണു യുവതിക്കുമേൽ പതിച്ചത്. പള്ളിക്കരണിയിൽ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ 50 ലധികം ഹോർഡിങ്ങുകൾ റോഡിലെ ഡിവൈഡറുകളിൽ അണ്ണാഡിഎംകെ പ്രവർത്തകർ അനധികൃതമായി സ്ഥാപിച്ചതായി പ്രദേശവാസികൾ പരാതിപ്പെട്ടു. ഇവ നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിൽ പൊതു സ്ഥലത്തു ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതു മദ്രാസ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ കോടതി വിലക്ക് മറികടന്ന് തമിഴ്നാടിന്റെ പല ഭാഗത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ ജില്ലയിലെ സ്വകാര്യ ആശുപത്രിക്കു സമീപം അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് പൊട്ടി വീണ് രണ്ടുപേർ മരിച്ചിരുന്നു. 2017 ൽ കോയമ്പത്തൂരിൽ എംജിആർ ജന്മ ശതാബ്ദി ആഘോഷം പ്രമാണിച്ച് അണ്ണാഡിഎംകെ റോഡിനു കുറുകെ കെട്ടി ഉയർത്തിയ അനധികൃത കമാനത്തിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചത് വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook