ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് തീരംതൊട്ടു. മഹാബലിപുരത്തിന് സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തീരം തൊട്ടതോടെ കാറ്റ് ദുർബലമായിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുർന്ന് തമിഴ്നാട്ടിലെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ അതിശക്തമായ മഴയ്ക്ക് ശമനമില്ല. തീരദേശമേഖലയിൽ ശക്തമായ കാറ്റ് വീശിയടിക്കുന്നുണ്ട്.
വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് വൈകിട്ടോടെ ന്യൂനമർദമായി ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. തമിഴ്നാടിനു പുറമേ, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ചവരെ മഴ തുടർന്നേക്കും.
കനത്ത മഴയെ തുടർന്ന് ചെന്നൈയിലെയും മറ്റു ജില്ലകളായ വെല്ലൂർ, വില്ലുപുരം, കടലൂർ, റാണിപ്പേട്ട്, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെയും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും രക്ഷാപ്രവർത്തനത്തിനുമായി 16000 പൊലീസ് ഉദ്യോഗസ്ഥരെയും 1500 ഹോം ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ട്. ചെന്നൈയിലേക്കുള്ള കേരളത്തിൽ നിന്നടക്കമുള്ള 25 വിമാനങ്ങൾ റദ്ദാക്കി.
കേരളത്തിൽ ഇന്നു മുതൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.