ചെന്നൈ: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലേക്കുള്ള വിമാനസർവിസുകൾ നിർത്തിവച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം കരതൊട്ടു.
വൈകുന്നേരം ആറ് മണിവരെയാണ് ചെന്നെെ വിമാനത്താവളത്തിലേക്കുള്ള സർവിസുകൾ നിർത്തിവച്ചത്. എന്നാൽ ഇവിടെ നിന്നുള്ള സർവിസുകൾ തുടരുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
മഴക്കെടുതിയിൽ തമിഴ്നാട്ടിൽ ഇതുവരെ 14 പേരാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. റെയിൽ, റോഡ് ഗതാഗതം താറുമാറായി. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയില്ല.
ചെന്നൈയിലെ പല പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. കുറഞ്ഞത് ഏഴ് റോഡുകളും 11 സബ്വേകളും അടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ചില സബർബൻ ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചു. ദീർഘദൂര ട്രെയിനുകൾ സമയം വൈകിയാണ് ഓടുന്നത്.
വടക്കൻ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വില്ലുപുരം, കടലൂർ ജില്ലകൾ ഉൾപ്പെടെ തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയുടെ പലഭാഗങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ 100 മില്ലി മീറ്ററിനടുത്ത് മഴയാണ് ലഭിച്ചത്.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നാല് കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ന്യൂനമർദ്ദം രാവിലെ 8.30 ന് ചെന്നൈയിൽനിന്ന് ഏകദേശം 130 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായും പുതുച്ചേരിയിൽ നിന്ന് 150 കിലോമീറ്റർ കിഴക്ക്-വടക്കു കിഴക്കായുമാണ് സ്ഥിതി ചെയ്തിരുന്നത്. ഇന്ന് വൈകിട്ടോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയിൽ ചെന്നൈയ്ക്കു സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
Also Read: കനത്ത മഴ: കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ; ആളപായമില്ല