ചെന്നൈ: എഗ്മോര്‍ റെയിൽവേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ 1100 കി.ഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തു. എഗ്മോറിലെത്തിയ ജോധ്പുർ എക്സ്പ്രസ് ട്രെയിനിൽനിന്നാണ് പട്ടിയിറച്ചി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ചെന്നൈ എഗ്മോർ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പാണ് പട്ടിയിറച്ചി പിടിച്ചെടുത്തത്. തെർമോകോള്‍ ഐസ് പെട്ടികളിൽ സൂക്ഷിച്ച നിലയിലാണ് പട്ടിയിറച്ചി റെയിൽവേ പൊലീസ് കണ്ടെടുത്തത്. ആദ്യം ഇത് മാട്ടിറച്ചിയാണെന്നാണ് കരുതിയത്. രണ്ടു പെട്ടികളിലായി ഏകദേശം 1,100 കിലോ പട്ടിയിറച്ചിയാണ് ഉണ്ടായിരുന്നത്. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വെ പൊലീസ് പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നു.
അതേസമയം, പാര്‍സല്‍ എടുക്കാന്‍ വന്ന ചിലരെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. വിവരം ചെന്നൈ കോർപറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചു. ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനിരുന്നതാണെന്ന് കരുതപ്പെടുന്നു. ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങൾ വിൽപന നടത്തുന്നതായി അധികൃതർക്ക് അടുത്തിടെ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ട്രെയിനിൽനിന്ന് പട്ടിയിറച്ചി പിടികൂടിയത്.
ഇറച്ചിയുടെ സാമ്പിളുകള്‍ മദ്രാസ് വെറ്ററിനറി കോളേജിലേക്ക് അയച്ച് പരിശോധിച്ചു. കഴിഞ്ഞ മാസം ചെന്നൈ സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷനില്‍ നിന്നും 1,600 കി.ഗ്രാം ഉപേക്ഷിച്ച ഇറച്ചി പിടിച്ചെടുത്തിരുന്നു.