ചെന്നൈ: സിനിമാ സ്റ്റൈലിൽ പൊലീസ് നടത്തിയ ഗുണ്ടാവേട്ടയിൽ പിടിയിലായത് 75 ക്രിമിനലുകൾ. ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയ ഗുണ്ടകളാണ് ചെന്നൈ പൊലീസ് വിരിച്ച വലയിൽ വീണത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷം. കൊലപാതക കേസുകളിലും മറ്റു 28 ലധികം കേസുകളിലും പ്രതിയാണ് തിരുവനന്തപുരം സ്വദേശിയായ ബിനു. 2 വർഷത്തിലധികമായി ഒളിവിലുളള ബിനുവിന്റെ 47-ാമത് പിറന്നാൾ ആഘോഷിക്കാനാണ് ഗുണ്ടകൾ ഒത്തുകൂടിയത്. മലയമ്പാക്കം ഗ്രാമത്തിലെ ലോറി ഷെഡ്ഡിലായിരുന്നു പിറന്നാൾ ആഘോഷം. നിരവധി ക്രിമിനലുകളെയും ആഘോഷത്തിന് ബിനു ക്ഷണിച്ചിരുന്നു.

ബിനുവിന്റെ ക്ഷണം സ്വീകരിച്ച് 100 ഓളം ഗുണ്ടകൾ എത്തി. 45 ബൈക്കുകളിലും 7 കാറുകളിലും ആയിട്ടാണ് ഇവർ വന്നത്. ബിരിയാണിയും ബീറും പിറന്നാൾ കേക്കും ആഘോഷത്തിനായി ഒരുക്കിയിരുന്നു. ഇതിനു പുറമേ വെടിക്കെട്ടും തയ്യാറാക്കായിരുന്നു. കത്തിക്കു പകരം വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ബിനു ആഘോഷത്തിന് തുടക്കമിട്ടത്. പക്ഷേ പെട്ടെന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായ ഗുണ്ടയിൽനിന്നാണ് 9 മണിക്ക് തുടങ്ങുന്ന പിറന്നാൾ ആഘോഷത്തെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ പൊലീസ് ഈ വിവരം അമ്പാട്ടൂർ ഡപ്യൂട്ടി കമ്മിഷണർ എസ്.സർവേശ്‌രാജിനെ അറിയിച്ചു. അദ്ദേഹം ഈ വിവരം പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥിന് കൈമാറി. അതിനുശേഷം യോഗം ചേർന്ന് 60 പേരിലധികം അടങ്ങിയ പൊലീസ് സംഘത്തെ രൂപീകരിച്ചു. രാത്രി 11 ഓടെ മഫ്തി വേഷത്തിൽ പൊലീസ് സംഘം എത്തി. നാട്ടുകാരുടെ സഹായത്തോടെ പിറന്നാൾ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേർന്നു.

അപ്പോഴേക്കും പിറന്നാൾ ആഘോഷം തുടങ്ങിയിരുന്നു. ആഘോഷത്തിനിടയിലേക്ക് തോക്കുമായി പൊലീസുകാർ ചാടി വീണു. പൊലീസാണെന്ന് മനസ്സിലാക്കിയതും ഗുണ്ടകൾ ചിതറിയോടി. ചിലരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പിടികൂടി. ഗ്രാമത്തിൽ ഒളിച്ചിരുന്ന 15 ലധികം ഗുണ്ടകളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

75 ക്രിമിനലുകളെയാണ് പൊലീസിന് ഒറ്റ രാത്രി കൊണ്ട് പിടികൂടാനായത്. പിടിയിലായവർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരെ അതാത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി. ബിനു അടക്കം മറ്റു ചില പ്രധാന ഗുണ്ടകൾ ഓടി രക്ഷപ്പെട്ടു. 45 ബൈക്കുകൾ, 7 കാറുകൾ, വടിവാളുകൾ, മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ