ചെന്നൈ: ബന്ധുവിന് ഇറച്ചി പാചകം ചെയ്ത് നൽകാത്തതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചതായി ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ എർണാവൂരിലാണ് സംഭവം.

മോഹൻ, സരള എന്നിവരാണ് മരിച്ചത്. ഇവർക്ക് മൂന്നു മക്കളുണ്ട്. കഴിഞ്ഞ ഞായറാഴ്ച മോഹനെ കാണാനായി സഹോദരി വീട്ടിലെത്തി. സഹോദരി വീട്ടിൽ വരുന്നതറിഞ്ഞ് മോഹൻ ഇറച്ചി വാങ്ങിക്കൊണ്ടുവന്നു. എന്നാൽ ഇറച്ചി പാചകം ചെയ്യാൻ സരള തയാറായില്ല. ഇതേച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. സഹോദരി വീട്ടിൽനിന്നും പോയതിനുശേഷവും ഇതിനെച്ചൊല്ലി മോഹൻ ഭാര്യയുമായി വഴക്കിട്ടു. രാത്രിയും ഇത് തുടർന്നു. ഒടുവിൽ ഉറക്കത്തിലായിരുന്ന ഭാര്യയെ കഴുത്തു ഞെരിച്ച് മോഹൻ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇളയ മകൾ സംഭവത്തിന് ദൃക്സാക്ഷിയാണെന്നും എന്നാൽ ഭയം മൂലം ആരോടും പറഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ മോഹനെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളാണ് മോഹന്റെ മരണവിവരം അടുത്ത വീട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ