ജയ്‌പൂർ: സ്വര്‍ണ കവർച്ചാകേസിലെ പ്രതികളെ പിടിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പൊലീസ് സംഘത്തിലെ ഒരാൾ രാജസ്ഥാനിൽ വെടിയേറ്റ് മരിച്ചു. അടുത്തിടെ തമിഴില്‍ ഇറങ്ങിയ തീരന്‍ എന്ന ചിത്രത്തിനോട് സമാനമായ ദൗത്യമാണ് തമിഴ്നാട് പൊലീസ് നടത്തിയത്.

രാജസ്ഥാനിലെ പാലി ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. കോലാത്തൂരിൽ റിപ്പോർട്ട് ചെയ്ത കവർച്ചാകേസിലെ പ്രതികളിൽ ഒരാളെ പിടിക്കാനാണ് തമിഴ്നാട് സംഘം രാജസ്ഥാനിൽ എത്തിയത്. സംഘത്തിൽ ഉൾപ്പെട്ടിരുന്ന പെരിയ പാണ്ടി (48) ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ 2.20ഓടെയാണ് സംഭവം നടന്നത്.

കോലത്തൂരിലെ ഒരു ജുവലറിയുടെ ചുമര് തുരന്ന് 3.5 കി.ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ പിടിക്കാന്‍ എത്തിയതായിരുന്നു പൊലീസ്. ഗ്രാമത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണസംഘം എത്തിയത്. കവര്‍ച്ചാ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പെരിയ പാണ്ടിയുടെ സര്‍വീസ് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. പെരിയ പാണ്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുളളവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേസിലെ നാല് പ്രതികളെ തമിഴ്നാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ പിടിക്കാൻ തമിഴ്നാട് പൊലീസ് സംഘം രാജസ്ഥാനിൽ എത്തിയത്. തമിഴ്നാട് പൊലീസ് സംഘത്തിന്‍റെ കൈവശവും രണ്ടു തോക്കുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തരമൊരു ആക്രമണം അവർ പ്രതീക്ഷിച്ചിരുന്നില്ല. പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെയാണ് തമിഴ്നാട് പൊലീസ് പ്രതികളുടെ വീട്ടിൽ എത്തിയത്.

സംഭവത്തിൽ രാജസ്ഥാൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികൾക്കായി വ്യാപക തിരച്ചിൽ നടക്കുന്നുണ്ടെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാജസ്ഥാനിൽ എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ