ചെന്നൈ: ജനന സർട്ടിഫിക്കറ്റില്‍ അച്ഛന്‍റെ പേരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ കുട്ടിയായിരിക്കും തവിഷി പെരേര. നീണ്ട നാളത്തെ നിയമ യുദ്ധത്തിന് ശേഷമാണ് കുട്ടിയുടെ അമ്മയായ മധുമിത രമേശ്‌ അച്ഛന്‍റെ സ്ഥാനം ഒഴിച്ചിട്ട് കുട്ടിയുടെ ജനന സെര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അനുവാദം കോടതിയില്‍ നിന്ന് നേടിയെടുത്തത്.

ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ മതുമിത മറ്റൊരാളില്‍ നിന്ന് ബീജം സ്വീകരിച്ച് ഗർഭാശയത്തിലെ ഫെർട്ടിലിറ്റി ചികിത്സയിലൂടെ ആണ് കുട്ടിയ്ക്ക് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടിയുടെ ജനനത്തിന് ശേഷം കോര്‍പറേഷന്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരിന്‍റെ സ്ഥാനത്ത് മനീഷ് മദന്‍പല്‍ മീന എന്ന സുഹൃത്തിന്‍റെ പേരായിരുന്നു ചേര്‍ത്തിരുന്നത്. ചികിത്സയ്ക്കിടെ അദ്ദേഹമാണ് സഹായത്തിനായി കൂടെ ഉണ്ടായിരുന്നത് അത്കൊണ്ടാണ് പിതാവിന്റെ സ്ഥാനത്ത് മനീഷിന്റെ പേര് ചേര്‍ത്തത്.

മധുമിത ഫയല്‍ ചെയ്ത് പരാതിയിലാണ് മദ്രാസ്‌ ഹൈക്കോടതി വിധി പറഞ്ഞത്, ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ നിന്ന് അച്ഛന്റെ പേര് എടുത്ത് മാറ്റാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് പരാതിക്കാരി പേര് മാറ്റാന്‍ ആവശ്യപ്പെട്ട് കോര്‍പറേഷന്‍ അധികാരികളെ സമീപിക്കുകയായിരുന്നു. എന്നാല്‍ തിരുത്തുകള്‍ മാത്രം നടത്താനുള്ള അവകാശമേ കോര്‍പറേഷനുള്ളുവെന്നും പേര് എടുത്ത് കളയാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് മധുമിതയെ തിരിച്ചയയ്ക്കുകയായിരുന്നു. ഏതായാലും കോടതിയെ സമീപിച്ച മധുമിതയുടെ ആവശ്യം ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കി കൊടുക്കണം എന്നാണ് മദ്രാസ്‌ ഹൈക്കോടതി തിരുച്ചിറപ്പള്ളി കോർപ്പറേഷനോട് പറഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ