ന്യൂഡല്‍ഹി: പുനരവതരണ പരിപാടിയുടെ ഭാഗമായി 12 ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്ന് വ്യോമസേനാ വിമാനത്തിലാണു ചീറ്റകളെ എത്തിച്ചത്.
ഇന്നു രാവിലെ 10നു മധ്യപ്രദേശിലെ ഗ്വാളിയോറിലെത്തിച്ച ചീറ്റകളെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ഷിയോപൂര്‍ ജില്ലയിലെ കുനോ നാഷണല്‍ പാര്‍ക്കി(കെ എന്‍ പി)ലേക്കു കൊണ്ടുപോയി.
കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ചേര്‍ന്നു ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടും.
ഏഴ് ആണ്‍ ചീറ്റകളെയും അഞ്ച് പെണ്‍ ചീറ്റകളെയുമാണ് ഇത്തവണ കൊണ്ടുവന്നത്. നേരത്തെ നമീബിയയില്‍നിന്നു കൊണ്ടുവന്ന എട്ട് ചീറ്റകള്‍ കുനോയിലുണ്ട്. സെപ്റ്റംബര്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ തുറന്നുവിട്ടത്.
ഇത്തവണ കൊണ്ടുവന്ന 12 ചീറ്റകളെയും തുറന്നുവിട്ട് അരമണിക്കൂറിനുശേഷം (ഉച്ചയ്ക്കു പന്ത്രണ്ടരയോടെ) നിരീക്ഷണത്തിനായി ക്വാറന്റൈന്‍ ബോമകളിലേക്കു മാറ്റുമെന്ന് ഒരു വിദഗ്്ധന്‍ പറഞ്ഞു.
10 ക്വാറന്റൈന്‍ ബോമകള്‍ ഒരുക്കിയിട്ടുണ്ടെന്നു കുനോ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ഉത്തം ശര്‍മ്മ പറഞ്ഞു. ഈ രണ്ടു സൗകര്യങ്ങളില്‍ രണ്ടു ജോഡി ചീറ്റകളെ സൂക്ഷിക്കുമെന്നും ചീറ്റകളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
1947-ല്‍ ഇന്നത്തെ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ചത്തതായിരുന്നു ഇന്ത്യയുടെ അവസാന ചീറ്റ. 1952-ല്‍ ഈ ഇനം വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ചീറ്റയുടെ പുനരവതരണ പരിപാടിയുടെ ഭാഗമായി അവയെ കൊണ്ടുവരുന്നതിനു കഴിഞ്ഞ വര്‍ഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു.