ന്യൂഡൽഹി: 70 വർഷത്തിനുശേഷം ഇന്ത്യയിലേക്കെത്തിയ ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനൊ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു. ആഫ്രിക്കൻ രാജ്യമായ നമീബിയനിൽനിന്നും വെള്ളിയാഴ്ച പ്രത്യേക കാർഗോ വിമാനത്തിൽ പുറപ്പെട്ട എട്ടു ചീറ്റപ്പുലികൾ ഇന്നു രാവിലെയോടെയാണ് ഗ്വാളിയോറിയിലെത്തിയത്. അവിടെനിന്നും നാവികസേനയുടെ ഹെലികോപ്റ്ററിൽ ഷോപ്പൂർ ജില്ലയിലെ കുനൊയിലെത്തിച്ചു.
അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് നാഷണല്‍ പാര്‍ക്കിൽ തുറന്നുവിട്ടത്. ചീറ്റകള്‍ക്ക് നാലിനും ആറിനും ഇടയിലാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
ഒരു മാസക്കാലം 1,500 ചതുരശ്ര അടിയുള്ള പ്രദേശത്ത് ക്വാറന്റൈനിലായിരിക്കും ഇവ. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനാണിത്. ചീറ്റകള്‍ക്ക് മറ്റ് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്താനും ഈ കാലഘട്ടം സഹായിക്കും.
സൂക്ഷ്മമായ നിരീക്ഷണത്തിന് പിന്നാലെ ആറ് ചതുരശ്ര കിലോ മീറ്ററിനുള്ളിലേക്ക് ഇവയെ വിടും. “ചീറ്റകള്‍ക്ക് വേട്ടയാടാൻ കഴിയുന്ന ഈ വലിയ ചുറ്റുപാടില്‍, അവരുടെ ആരോഗ്യം മാത്രമല്ല കുനൊയിലെ വേട്ടയാടൽ, ഭക്ഷണം, വിസർജ്ജനം തുടങ്ങിയവയുമായി അവ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഇത് തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ, 740 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ ദേശീയ ഉദ്യാനത്തിലേക്ക് അവരെ വിട്ടയക്കും,” ദേശീയ കടുവ സംരക്ഷണ അതോറിറ്റി മെമ്പർ സെക്രട്ടറി എസ് പി യാദവ് പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ട് മുതല്‍ 10 വരെ ചീറ്റകളെ എത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.