ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു രണ്ട് പൈലറ്റുമാര്‍ മരിച്ചു. അരുണാചല്‍ പ്രദേശിലെ ബൊംഡിലയ്ക്ക് സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നതായും പൈലറ്റുമാരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചിരുന്നു.
ഹൈ ആറ്റിറ്റിയൂഡ് പ്രദേശങ്ങളില്‍ സേനയുടെ ജീവനാഡിയായിട്ടും ഐഎഎഫിനും സൈന്യത്തിനുമൊപ്പം പഴകിയ ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരം ചീറ്റ ഉപയോഗിക്കേണ്ട ആവശ്യമുണ്ട്. ഇരുന്നൂറോളം ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ നിലവില്‍ സൈന്യത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.
കരസേനയുടെ മൊത്തത്തിലുള്ള കോംബാറ്റ് ഏവിയേഷന്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാവിയില്‍ ഏകദേശം 95 ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും 110 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും (എല്‍യുഎച്ച്) ഉള്‍പ്പെടുത്തുമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.