ന്യൂഡല്‍ഹി: ഒരു ചാര്‍ട്ടേഡ് വിമാനം, മൂന്ന് ആഡംബര ബസുകള്‍, വിമാനത്താവളത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടല്‍. മഹാ വികാസ് അഘാഡി (എം വി എ) സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പിനു വെല്ലുവിളിയായ ശിവസേനയിലെ വിമത എം എല്‍ എമാരെ മഹാരാഷ്ട്രയില്‍നിന്ന് പുറത്തെത്തിക്കാനുള്ള ഏകനാഥ് ഷിന്‍ഡെയുടെ ഓപ്പറേഷനു ചെലവായതു വന്‍ തുക.
സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള വിമത എം എല്‍ എമാരുമായി മന്ത്രി ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയില്‍നിന്ന് ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തിലേക്കു ചൊവ്വാഴ്ച രാത്രി പോയതോടെയാണു രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. അവിടെ വിമാനത്താവളത്തില്‍ രാത്രിയോടെ സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനം സജ്ജമായി. ഷിന്‍ഡെയ്ക്കും ഒപ്പമുള്ള എം എല്‍ എമാര്‍ക്കും ഗുവാഹതിയിലേക്കു പോകുന്നതിന്, വിമാനത്താവളത്തിലെത്തിക്കാന്‍ അര്‍ധരാത്രി കഴിഞ്ഞ് ഏതാണ്ട് 30 മിനിട്ടുനുള്ളില്‍ മൂന്ന് ആഡംബര ബസുകള്‍ ഹോട്ടലില്‍ തയാറാക്കി നിര്‍ത്തി.
സൂറത്തില്‍നിന്നു ഗുവാഹതിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനം ചെലവ് കുറഞ്ഞ കാര്യമല്ല. ജെറ്റ് സെറ്റ് ഗോ പോലെയുള്ള മിക്ക ചാര്‍ട്ടര്‍ സര്‍വിസുകളും മുപ്പതിലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള എംബ്രയര്‍ ഇ ആര്‍ ജെ-135 എല്‍ ആര്‍ വിമാനത്തിനു സൂറത്തില്‍നിന്ന് ഗുവാഹതിലേക്കു 50 ലക്ഷം രൂപയിലധികമാണ് ഈടാക്കുന്നത്. ഇതിനൊപ്പം, മറ്റു ഗതാഗത ക്രമീകരണങ്ങളുടെയും ഹോട്ടല്‍ മുറികളുടെയും ചെലവും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മറ്റു ചെലവുകളും ഓപ്പറേഷന്റെ ഭാഗമാണ്.
കൂട്ടുമുന്നണി ഭരണം കാരണം രണ്ടര വര്‍ഷത്തിനിടെ ശിവസേന നേതാക്കളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചതെന്നും കോണ്‍ഗ്രസും എന്‍ സി പിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന് ഏകനാഥ് ഷിന്‍ഡെയും സ്വതന്ത്രര്‍ ഉള്‍പ്പെടെ 40 എം എല്‍ എമാരുടെ ആവശ്യം. ‘സ്വാഭാവിക സഖ്യകക്ഷിയായ’ ബി ജെ പിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന തയാറാകണമെന്നു വിമതരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. വിമത എം എല്‍ എമാര്‍ ഒരാഴ്ചത്തേക്കാണു ഗുവാഹതിയിൽ ഹോട്ടല്‍ ബുക്ക് ചെയ്തത്. ഇത് ദീര്‍ഘകാലത്തേക്കുള്ള യാത്രയ്ക്കു തയാറായാണ് അവര്‍ ഇറങ്ങിയതെന്നാണു സൂചിപ്പിക്കുന്നത്.
അതേസമയം, വിമതര്‍ ’24 മണിക്കൂറിനുള്ളില്‍’ തിരിച്ചെത്തിയാല്‍ മാത്രമേ ഭരണസഖ്യത്തില്‍നിന്ന് പുറത്തുകടക്കുന്ന കാര്യം പരിഗണിക്കൂവെന്ന് ശിവസേന വ്യക്തമാക്കി.
”മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരില്‍നിന്ന് പുറത്തുവരാന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി വിമതര്‍ 24 മണിക്കൂറിനുള്ളില്‍ ഗുവാഹതിയില്‍നിന്നു മുംബൈയിലേക്കു മടങ്ങണം,” ശിവസേനയുടെ മുഖ്യ വക്താവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.