/indian-express-malayalam/media/media_files/uploads/2022/09/King-Charles-1.jpg)
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലണ്ടനില്‍ നടന്ന അക്‌സെഷന്‍ കൗണ്‍സിലിലായിരുന്നു പ്രഖ്യാപനം.
പുതിയ രാജാവിനെ തിരഞ്ഞെടുത്തതു സംബന്ധിച്ച് ജെയിംസ് കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് മട്ടുപ്പാവില്‍നിന്ന് ഉടന്‍ വിളംബരം നടത്തും. യുണൈറ്റഡ് കിങ്ഡത്തിലുടനീളവും ലണ്ടന്‍ നഗരത്തിലും പുതിയ രാജാവിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാവും.
മൂത്ത മകന്‍ വില്യം, മരുമകള്‍ കേറ്റ് എന്നിവര്‍ക്ക് വെയില്‍സ് രാജകുമാരന്‍, രാജകുമാരി എന്നീ പദവികള്‍ ചാള്‍സ് രാജാവ് വെള്ളിയാഴ്ച നല്‍കിയിരുന്നു.
വ്യാഴാഴ്ച അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ചാള്‍സ് രാജാവായത്. എലിസബത്ത് രാജ്ഞി സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ അന്ത്യശ്വാസം വലിക്കുന്ന സമയത്ത് ചാള്‍സ് അടുത്തുണ്ടായിരുന്നു.
ഇന്നലെ ലണ്ടനിലേക്കു തിരിച്ച ചാള്‍സ് രാജാവ് സ്ഥാനാരോഹണച്ചടങ്ങിനു മുന്‍പായി പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ടെലിവിഷനിലൂടെ ബ്രിട്ടനെയും കോമണ്‍വെല്‍ത്തിനെയും അഭിസംബോധന ചെയ്തു.
അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ 'അഗാധമായ ദുഃഖം' തോന്നുന്നുവെന്നും രാജ്യത്തിനുവേണ്ടിയുള്ള അമ്മയുടെ 'ആജീവനാന്ത സേവന'ത്തിന്റെ വഴിയില്‍ തുടരുമെന്നും രാജാവ് എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ രാജാവാണ് ചാള്‍സ് മൂന്നാമന്‍ . 25-ാം വയസിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാജ്ഞിയായതെങ്കില്‍ ചാള്‍സ് രാജാവാകുന്നത് എഴുപത്തി മൂന്നാം വയസിലാണ്. കിരീടത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വന്നയാളും ചാള്‍സാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കീഴ്വക്കമനുസരിച്ചാണു എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് ബ്രിട്ടന്റെ രാജാവായിരിക്കുന്നത്. രാജപദവിയിലുള്ളയാള്‍ മരിച്ച് 24 മണിക്കൂറിനകം അവകാശിയെ പ്രഖ്യാപിക്കുന്നതാണു ബ്രിട്ടീഷ് രീതി.
തൊണ്ണൂറ്റി ആറുകാരിയായ രാജ്ഞിയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്ന് അനുശോചനം പ്രവഹിക്കുകയാണ്. രാജ്ഞിയുടെ നിര്യാണത്തില്‍ ആദരസൂചകമായി 11ന് ഇന്ത്യ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
'നമ്മുടെ കാലത്തെ അതികായ' എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ അനുസ്മരിച്ചത്. 'അവരുടെ രാജ്യത്തിനും ജനങ്ങള്‍ക്കും പ്രചോദനാത്മകമായ നേതൃത്വം നല്‍കി' എന്നും 'പൊതുജീവിതത്തില്‍ അന്തസും മാന്യതയും സ്വഭാവസവിശേഷതയാക്കി' എന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.