ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡില്‍ രണ്ട് പളളികളിലുണ്ടായ വെടിവയ്പിന് പിന്നാലെ പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. 49 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 5 വരെ പ്രതിയെ റിമാന്റ് ചെയ്തു. ഓസ്ട്രേലിയന്‍ പൗരനായ അക്രമി വെടിവയ്പിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു.
കൈകളില്‍ വിലങ്ങിട്ട് വെളുത്ത ജയില്‍ വസ്ത്രം അണിയിച്ചാണ് പ്രതിയെ ക്രൈസ്റ്റ്ചര്‍ച്ചിലെ വിചാരണ കോടതിയിലെത്തിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ബ്രണ്ടനെ കോടതി മുറിയിലെത്തിച്ചത്. വാദം കേള്‍ക്കുന്നതിനിടെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് ചിരിക്കുകയായിരുന്നു. കൂടാതെ വെളളക്കാരുടെ അധികാരമുദ്ര കൈ കൊണ്ട് കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതി വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമപ്രവര്‍ത്തകരെ നോക്കി നിന്നു. നേരത്തെ ഒരാളെ കൊലപാതകം ചെയ്ത പ്രതി കൂടിയാണ് ബ്രണ്ടന്‍. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പേര് പറയാന്‍ ജഡ്ജി തയ്യാറായില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ അവസരത്തില്‍ പേര് പറയാത്തതെന്ന് ജഡ്ജി വ്യക്തമാക്കി.
ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. വെടിവയ്പില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഒൻപത് ഇന്ത്യക്കാരെ കാണാതായതായി ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. ആക്രമണത്തിൽ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍.
അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്രണ്ടൻ ടാറന്റ് (28) ആണ് നരനായാട്ടിന് പിന്നിൽ. ഇയാളുടെ തീവ്ര നിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.