ന്യൂഡൽഹി: നേതൃമാറ്റം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു എന്ന വെളിപ്പെടുത്തലുമായി കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സഞ്ജയ് ഝാ. ഇക്കാര്യം ആവശ്യപ്പെട്ട് എംപിമാരുൾപ്പടെ നൂറോളം കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയതായി സഞ്ജയ് ഝാ പറഞ്ഞു.
പാര്‍ട്ടിയ്ക്കുളളിലെ കാര്യങ്ങളില്‍ ദുഃഖിതരായ കോണ്‍ഗ്രസിലെ എംപിമാർ ഉള്‍പ്പടെയുളള നൂറോളം നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു മാറ്റം ആവശ്യപ്പെട്ടും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സുതാര്യത പുലര്‍ത്തണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്.’സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.
Also Read: ഫേസ്ബുക്ക്-ബിജെപി ബന്ധം: ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റി പരിശോധിക്കും
കോൺഗ്രസ് വക്താവായിരുന്ന സഞ്ജയ് ഝായെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യ പ്രസ്താവനകളുടെ പേരിലാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ കത്തുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഭാഗത്ത് നിന്നോ മറ്റ് നേതാക്കന്മാരുടെ ഭാഗത്ത് നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് ഇടക്കാല പ്രസിഡന്റായി തിരിച്ചെത്തിയ സോണിയ ഗാന്ധി ഒരു വർഷത്തെ കാലാവധിയും കഴിഞ്ഞ ജൂലൈയിൽ പൂർത്തിയാക്കിയിരുന്നു.
അതേസമയം രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് മടങ്ങിയെത്തണമെന്ന ആവശ്യം നേതാാക്കൾക്കിടയിലും അണികൾക്കിടയിലും ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പടെ രാഹുലിന് കത്തയച്ചിരുന്നു. ഒരു വർഷത്തിന് ശേഷവും ദേശീയ നേതൃത്വത്തെ കണ്ടെത്താൻ സാധിക്കാത്തതും പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളിലെ ഗ്രൂപ്പ് പോരാട്ടവും കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്.