ന്യൂഡൽഹി: ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ആസാദ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്), ഓൾ ഇന്ത്യ ദലിത് മുസ്ലിം ആദിവാസി പ്രോഗ്രസീവ് ഫ്രണ്ട് (എയ്ഡ് എം‌പി‌എഫ്) എന്നിവയുടെ പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഞായറാഴ്ച ആസാദിന്റെ അഭിഭാഷകൻ മെഹ്മൂദ് പ്രാച്ചയേയും തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More: നയപ്രഖ്യാപനം: സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

“തെലങ്കാനയിൽ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ്. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം അപഹരിക്കപ്പെടുന്നു. ആദ്യം നമ്മുടെ ജനതയെ ലാത്തികളാൽ മർദ്ദിച്ചു, ഇപ്പോൾ അവർ എന്നെ അറസ്റ്റ് ചെയ്തു. ഇപ്പോൾ അവർ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന് ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്. ബഹുജൻ സമാജ് ഈ അപമാനം ഒരിക്കലും മറക്കില്ല, തെലങ്കാന മുഖ്യമന്ത്രി ഓർക്കണം. ഞാൻ ഉടൻ മടങ്ങിവരും,”ആസാദ് ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക്ക് ദിനത്തിൽ മെഹ്ദിപ്പട്ടണത്തിലെ ക്രിസ്റ്റൽ ഗാർഡനിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാനെത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്. ആൾ ഇന്ത്യ ദളിത്-മുസ്ലിം-ആദിവാസി പ്രോഗ്രസീവ് ഫ്രണ്ടിന്റെ ഒരു പരിപാടിയിലും അദ്ദേഹം സംവദിക്കേണ്ടതായിരുന്നു. നേരത്തെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥിനികളെ കൈയേറ്റം ചെയ്തതിന് ഹൈദരാബാദ് പൊലീസിനെതിരെ ആസാദ് രംഗത്തെത്തിയിരുന്നു.

ആസാദ് പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലിയിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടിയാണ് നടപടിയെടുത്തത്. പ്രക്ഷോഭത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. നേരത്തെ ഡൽഹിയിൽ പ്രതിഷേധം നടന്നപ്പോഴും ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook