ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ 2 പേടകം മൂന്നാം ഘട്ട ഭൂഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥം ഉയർത്തൽ പൂർത്തിയായത്. നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. 272 x 71792 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ ഇപ്പോൾ.

ചന്ദ്രനിലേക്ക് യാത്ര തിരിക്കാൻ ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തേണ്ടതുണ്ട്. മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കും. 23 ദിവസമായിരിക്കും പേടകം ഭൂമിയെ വലംവയ്ക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

ജൂലൈ 22 ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നത്. ഇന്നലെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ജൂലൈ 15 തിങ്കൾ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു.​

വിക്ഷേപണ തീയതി വൈകിയെങ്കിലും മുൻകൂട്ടി നിശ്ചയിച്ചതുപോലെ സെപ്റ്റംബർ ആറിന് തന്നെ ചാന്ദ്രയാൻ – 2 ചന്ദ്രനിൽ ഇറക്കാനാണ് ഐഎസ്‌ആർഒയുടെ തീരുമാനം. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. അതേസമയം, ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴ് ദിവസം ആക്കിയും തിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook