ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡർ തകർന്നട്ടില്ലെന്നും ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ ഓർബിറ്റർ പകർത്തിയെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം ലാൻഡർ കിടക്കുന്ന ചിത്രം എന്ന തരത്തിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്. എന്നാൽ ഇത് വിക്രം ലാൻഡറല്ല എന്ന് വിശദീകരണവുമായി ശസ്ത്രജ്ഞർ തന്നെ രംഗത്തെത്തി.

ഞായറാഴ്ചയാണ് ഓർബിറ്റർ വിക്രം ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ പകർത്തിയെന്ന് ഇസ്‌റോ ചെയർമാൻ കെ.ശിവൻ വ്യക്തമാക്കിയത്. ഇതോടെയാണ് വ്യാജചിത്രം പ്രചരിക്കാൻ ആരംഭിച്ചത്. നാസയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ക്യൂരോസിറ്റി റോവറിന്റെ ചിത്രവും വിക്രം ലൻഡർ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Also Read: വിക്രം ലാൻഡർ തകർന്നിട്ടില്ല; ചന്ദ്രനിൽ ചരിഞ്ഞ നിലയിൽ

ചിത്രം നാസയുടെ ക്യൂരോസിറ്റി റോവറിന്റേതാണെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത് അമേരിക്കൻ മാധ്യമപ്രവർത്തകൻ ജോന്നാഥനായിരുന്നു. 2019, മെയ് 31 പകർത്തിയ ക്യൂരോസിറ്റി റോവറിന്റെ ചിത്രമാണ് 2019, സെപ്റ്റംബർ ഏഴിന് ചന്ദ്രനിലെത്തിയ വിക്രം ലാൻഡറിന്രേതാണ് എന്ന പേരിൽ പ്രചരിച്ചത്.

ഇതുവരെ ഇസ്റോ വിക്രം ലാൻഡറിന്റെ ഒരു ചിത്രവും പങ്കുവച്ചട്ടില്ല. സാധാരണ രീതിയൽ ഇസ്റോയുടെ വെബ്സൈറ്റിലും ട്വിറ്റർ ഹാൻഡിലിലും ചിത്രങ്ങൾ എത്തേണ്ടതാണ്.

Also Read: വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തി

അതേസമയം ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് സ്ഥിരീകരണം. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപം മാറിയാണ് കിടക്കുന്നത്. ഇസ്‌റോയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇടിച്ചിറങ്ങിയ സാഹചര്യത്തിൽ ലാൻഡറിന്റെ മറ്റ് സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചോയെന്ന് വ്യക്തമല്ല. ലാന്‍ഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ് 14 ദിവസമാണ്‌. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിക്കാത്തതിനാൽ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞ‌ർ കൂട്ടിച്ചേ‌ർത്തു.

Also Read: നിങ്ങളുടെ ശ്രമങ്ങൾ പ്രചോദനമേകുന്നു; ഐഎസ്ആർഒയെ പ്രശംസിച്ച് നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഓര്‍ബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വര്‍ഷം കൂടുതല്‍ അധിക ആയുസുണ്ടാകുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook